ദുബായ് : ദമ്പതികള്‍ മൂന്നുവയസ്സുകാരിയായ മകളെ ദുബായ് വിമാനത്താവളത്തില്‍ മറന്നുവെച്ചു. തുടര്‍ന്ന് ഇവര്‍ അല്‍ ഐനിലെ വീട്ടിലേക്ക് പോയി. പാക്കിസ്താന്‍ കുടുംബമാണ് കുഞ്ഞിനെ അത്യന്തം തിരക്കേറിയ ദുബായ് വിമാനത്താവളത്തില്‍ മറന്നുവെച്ചത്. ഒടുവില്‍ വിമാനത്താവളത്തില്‍ തിരിച്ചെത്തിയ കുടുംബത്തിന്, ദുബായ് പൊലീസിന്റെ സംരക്ഷണയിലായിരുന്ന കുട്ടിയെ തിരികെ കിട്ടി. സംഭവം ഇങ്ങനെ. വിമാനത്താവളത്തില്‍ നിന്ന് രണ്ട് കാറുകളിലായാണ് കുടുംബവും ബന്ധുക്കളും വീട്ടിലേക്ക് തിരിച്ചത്. എന്നാല്‍ മറ്റേ കാറില്‍ കുഞ്ഞുണ്ടാകുമെന്ന ധാരണയിലായിരുന്നു ഇരുകൂട്ടരും. അങ്ങനെ അല്‍ഐനിലെ വീടെത്താറായപ്പോഴാണ് വിമാനത്താവളത്തിലെ സുരക്ഷാ വിഭാഗത്തില്‍ നിന്ന് വിളിവരുന്നത്. കുട്ടി വിമാനത്താവളത്തില്‍ ഒറ്റപ്പെട്ടുപോയ വിവരം അപ്പോഴാണ് അവര്‍ അറിയുന്നത്. തുടര്‍ന്ന് ഉടന്‍ അവര്‍ കുട്ടിയെ വീണ്ടെടുക്കാന്‍ വിമാനത്താവളത്തിലേക്ക് തിരിച്ചു. ടെര്‍മിനല്‍ രണ്ടിലായിരുന്നു ഇവര്‍ വിമാനമിറങ്ങിയത്. തുടര്‍ന്ന് വിമാനത്താവളത്തിലെ നടപടികള്‍ പൂര്‍ത്തിയാക്കി കാറില്‍ യാത്ര തിരിക്കുകയും ചെയ്തു. എന്നാല്‍ തിരക്കിനിടെ കുഞ്ഞിനെ കൈവിട്ടുപോയതറിഞ്ഞില്ല. എന്നാല്‍ കുട്ടി ഒറ്റപ്പെട്ട് നില്‍ക്കുന്നത് സുരക്ഷാ ജീവനക്കാര്‍ സിസിടിവിയില്‍ കണ്ടു. തുടര്‍ന്ന് കുട്ടിയെ സമീപിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ അവളെ സുരക്ഷിതമാക്കുകയും യാത്രാ രേഖകളില്‍ നിന്ന് ഫോണ്‍ നമ്പര്‍ സംഘടിപ്പിച്ച് മാതാപിതാക്കളെ ബന്ധപ്പെടുകയുമായിരുന്നു. എന്നാല്‍ അതുവരേക്കും കുടുംബത്തിന്റെ ഭാഗത്ത് നിന്ന് കുട്ടിയെക്കുറിച്ച് യാതൊരു അന്വേണവുമുണ്ടായിരുന്നില്ല. അവര്‍ തിരികെ എത്തി കുട്ടിയെ ഏറ്റുവാങ്ങുമ്പോഴേക്കും മൂന്ന് മണിക്കൂര്‍ പിന്നിടുകയും ചെയ്തിരുന്നു.ഒടുവില്‍ കുടുംബം ദുബായ് പൊലീസിന് നന്ദി രേഖപ്പെടുത്തി.
മകള്‍ നഷ്ടപ്പെട്ടതറിയാതെ മാതാപിതാക്കള്‍; അവരെ തിരികെ കിട്ടില്ലേയെന്ന് ഭയന്ന് കുട്ടി; രക്ഷകരായി പൊലീസ്
Tags: child missing us