അബുദാബിയിൽ 12 കോടി ലോട്ടറിയടിച്ച മലയാളിയെക്കുറിച്ച് ഒരു വിവരവുമില്ല

അബുദാബി വിമാനത്താവളത്തിന്റെ ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ 12.2 കോടി രൂപ(70 ലക്ഷം ദിർഹം) സമ്മാനം ലഭിച്ച പ്രവാസി മലയാളിയെ ഇതുവരെ കണ്ടെത്താനായില്ല. മാനേക്കുടി മാത്യു വർക്കി എന്ന ഭാഗ്യവാനെക്കുറിച്ചാണ് ഇതുവരെ ഒരു വിവരവും ലഭിക്കാത്തത്. ടിക്കറ്റെടുക്കുന്ന സമയത്ത് ഇയാൾ നൽകിയിരുന്ന നമ്പറിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും മാത്യുവിനെ കിട്ടിയില്ലെന്നാണ് അധികൃതർ പറയുന്നത്. ആറ് മാസത്തിനകം സമ്മാനം നേടിയ ടിക്കറ്റ് ഹാജരാക്കിയില്ലെങ്കിൽ സമ്മാനത്തുക നൽകരുതെന്നാണ് നിയമം. ടിക്കറ്റുമായി ആരുമെത്തിയില്ലെങ്കിൽ സമ്മാനത്തുക ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കും. അബുദാബി രാജ്യാന്തര വിമാനത്താവളത്തിന്റെ കഴിഞ്ഞ വ്യാഴാഴ്ച നടന്ന ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലാണ് മലയാളിയായ മാനേക്കുടി മാത്യു വർക്കിയ്ക്ക് 70 ലക്ഷം ദിർഹം(12.2 കോടി രൂപ) സമ്മാനം ലഭിച്ചത്. ഓഗസ്റ്റ് 24ന് അബുദാബി രാജ്യാന്തര വിമാനത്താവളത്തിൽ വെച്ചാണ് മാത്യു ബിഗ് ടിക്കറ്റെടുത്തത്. അൽഐനിലെ പോസ്റ്റ് ബോക്സ് നമ്പരും ഫോൺ നമ്പരുമാണ് മാത്യു ടിക്കറ്റെടുത്തപ്പോൾ നൽകിയത്. 500 ദിർഹം വിലയുള്ള ബിഗ് ടിക്കറ്റ് വാങ്ങിക്കുമ്പോൾ മിക്കവരും പോസ്റ്റ് ബോക്സ് നമ്പരും, ഒരു ഫോൺ നമ്പരും മാത്രമേ നൽകാറുള്ളു. വിശദമായ വിലാസവും മറ്റു നമ്പറുകളും നൽകാത്തതാണ് വിജയികളെ കണ്ടെത്താൻ പ്രയാസം സൃഷ്ടിക്കുന്നത്. അബുദാബി രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ടിക്കറ്റെടുത്ത മാത്യു അതിനുശേഷം കൊച്ചിയിലേക്ക് യാത്ര ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്. ഇയാൾ നിലവിൽ കേരളത്തിലുണ്ടെന്നാണ് കരുതുന്നത്. ഭാഗ്യവാനെ ഇത്രയും നാളായിട്ടും കണ്ടെത്താൻ കഴിയാത്തത് ബിഗ് ടിക്കറ്റ് നറുക്കെടുപ്പ് ചരിത്രത്തിൽ ആദ്യത്തെ സംഭവമാണ്. നിരവധി മലയാളികൾക്ക് ഇതിനു മുൻപ് ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ സമ്മാനം ലഭിച്ചിട്ടുണ്ട്. 2017 ഫെബ്രുവരിയിൽ തൃശൂർ വരന്തരപ്പള്ളി സ്വദേശി ശ്രീരാജ് കൃഷ്ണന് 12 കോടി രൂപ സമ്മാനം ലഭിച്ചിരുന്നു. മലപ്പുറം സ്വദേശിനിയും അമേരിക്കയിലെ ഡോക്ടറുമായ നിഷിത രാധാകൃഷ്ണ പിള്ളയ്ക്ക് 18 കോടി രൂപ സമ്മാനം ലഭിച്ചതും ഈ വർഷമായിരുന്നു. ഇതുവരെ 178 പേരാണ് ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലൂടെ കോടിപതികളായിട്ടുള്ളത്.

Top