ദുബൈ: 34-ാം വാര്‍ഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി ദുബൈ ഡ്യൂട്ടി ഫ്രീ നടത്തിയ മില്ലേനിയം മില്യണയര്‍ നറുക്കെടുപ്പില്‍ ഇന്ത്യക്കാരിക്ക് കിടിലന്‍ സമ്മാനം. മധുവിധു ആഘോഷിക്കുന്നതിനായി സെയ്ഷാല്‍സിലേക്കു പോകുന്നതിനിടെ ആദ്യമായി ഡ്യൂട്ടി ഫ്രീയുടെ ടിക്കറ്റ് എടുത്ത പ്രിയ കുല്ഷാരിയ്ക്ക് സമ്മാനമായി ലഭിച്ചത് ബിഎംഡബ്യുവിന്റെ ആര് 1200 ജിഎസ് അഡ്വന്ജര് എന്ന ആഡംബര ബൈക്ക്. ബിസിനസ് അനലിസ്റ്റ് ആയ പ്രിയ, 0003 സീരിസിലുള്ള 322 നമ്പര്‍ ടിക്കറ്റാണ് എടുത്തത്. ദുബൈ ഡ്യൂട്ടി ഫ്രീയുടെ ഏറ്റവും വലിയ സമ്മാനമായ ഒരു മില്യണ്‍ യുഎസ് ഡോളര്‍ രണ്ടു പേര്‍ക്ക് ലഭിച്ചു. ഓസ്ട്രേലിയന്‍ സ്വദേശിയായ ലൈനെറ്റ് വില്യംസ്, തുര്‍ക്കിയെ ഇസ്തംബുളില്‍ നിന്നുള്ള സുലെമാന സെം ഗുനല്‍ എന്നിവര്‍ക്കാണ് ഒരു മില്യണ്‍ യുഎസ് ഡോളര്‍ (ഏതാണ്ട് ആറരക്കോടി രൂപ) സമ്മാനമായി ലഭിച്ചത്. അപ്രതീക്ഷിതമായി ലഭിച്ച സമ്മാനത്തില്‍ അതിയായ സന്തോഷമുണ്ടെന്ന് ഇരുവരും പ്രതികരിച്ചു. ദുബൈ ഡ്യൂട്ടി ഫ്രീയുടെ ടിക്കറ്റുകള്‍ സ്ഥിരമായി എടുക്കുന്ന വ്യക്തിയാണ് ഗുനല്‍. ഫ്രഞ്ച് സ്വദേശിയായ ഇമ്മാനുവല്‍ ഗുലിന് നറുക്കെടുപ്പില്‍ പോര്‍ഷെയുടെ ആഡംബരക്കാറായ പനമേര 4 ലഭിച്ചു. ദുബൈയില്‍ താമസിക്കുന്ന ഉസ്ബക്കിസ്ഥാന് സ്വദേശിയായ ഇറിന യെഫോമയ്ക്ക് ബിഎംഡബ്യു ആര് 1200 ആര്‍ടി ബൈക്കും ലഭിച്ചു. ദുബൈ രാജ്യാന്തര വിമാനത്താവളത്തില്‍ നടന്ന നറുക്കെടുപ്പില്‍ ദുബൈ ഡ്യൂട്ടി ഫ്രീയുമായി ബന്ധപ്പെട്ട പ്രമുഖര്‍ പങ്കെടുത്തു. മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാര്‍ക്ക് ഇതിന് മുമ്പും അത്യാകര്‍ഷകമായ സമ്മാനങ്ങള്‍ ദുബൈ ഡ്യൂട്ടി ഫ്രീയുടെ നറുക്കെടുപ്പിലൂടെ ലഭിച്ചിട്ടുണ്ട്.