70 ലക്ഷം ദിർഹത്തിന്‍റെ അവകാശി പ്രത്യക്ഷപ്പെട്ടു; പക്ഷേ പകുതി പാക്കിസ്താനിക്ക്

ദിവസങ്ങൾ നീണ്ട കാത്തിരിപ്പിന് ശേഷം അബുദാബി ബിഗ് ലോട്ടറി നറുക്കെടുപ്പിൽ സമ്മാനം ലഭിച്ച പ്രവാസി മലയാളിയെ കണ്ടെത്തി. കൊച്ചി സ്വദേശി മാനേക്കുടി വർക്കി മാത്യുവിനെയാണ് ഒടുവിൽ കണ്ടെത്തിയത്. നിലവിൽ കൊച്ചിയിൽ അവധിക്കാലം ചെലവഴിക്കുന്ന വർക്കി മാത്യു സെപ്റ്റംബർ 17ന് അബുദാബിയിലെത്തി സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് ഹാജരാക്കും. അബുദാബി ബിഗ് ലോട്ടറി നറുക്കെടുപ്പിൽ വർക്കി മാത്യുവിന് 70 ലക്ഷം ദിർഹം(12.2 കോടി രൂപ) സമ്മാനം ലഭിച്ചതായി കഴിഞ്ഞ വ്യാഴാഴ്ചയാണ് അറിഞ്ഞത്. എന്നാൽ സമ്മാനം ലഭിച്ചിട്ടും കഴിഞ്ഞദിവസം വരെ വർക്കി മാത്യു ലോട്ടറി ടിക്കറ്റ് ഹാജരാക്കിയിരുന്നില്ല. ലോട്ടറിയെടുക്കുന്ന സമയത്ത് വർക്കി മാത്യു നൽകിയ നമ്പറിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും വർക്കി മാത്യുവിനെ കിട്ടിയില്ലെന്നാണ് ബിഗ് ലോട്ടറി അധികൃതർ പറഞ്ഞത്. എന്നാൽ, താൻ ഉപയോഗിച്ചിരുന്ന ഫോൺ വെള്ളത്തിൽ വീണതിനെ തുടർന്ന് തകരാറിലായെന്നാണ് വർക്കി മാത്യു അറിയിച്ചത്. ഫോൺ തകരാറിലായതിനെ തുടർന്നാണ് വിളിച്ചിട്ട് കിട്ടാതിരുന്നതെന്നും അദ്ദേഹം പറഞ്ഞു. കൊച്ചി സ്വദേശിയായ മാനേക്കുടി വർക്കി മാത്യു അൽഐനിലെ ഡിസ്ട്രിബ്യൂഷൻ കമ്പനിയിലാണ് ജോലി ചെയ്യുന്നത്. ആശുപത്രിയിൽ ജോലി ചെയ്യുന്ന ഭാര്യ ചിന്നമ്മയ്ക്കും രണ്ട് മക്കൾക്കുമൊപ്പം അൽഐനിലാണ് വർക്കി മാത്യു താമസിക്കുന്നത്. ആഗസ്റ്റ് 24ന് നാട്ടിൽ പോകുന്നതിനിടെയാണ് അബുദാബി രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് വർക്കി മാത്യു ബിഗ് ലോട്ടറിയെടുത്തത്. 500 ദിർഹം വിലയുള്ള ബിഗ് ലോട്ടറിയുടെ നറുക്കെടുപ്പിൽ 70 ലക്ഷം ദിർഹം സമ്മാനം ലഭിച്ച വിവരം വർക്കി മാത്യു കഴിഞ്ഞദിവസം വരെ അറിഞ്ഞിരുന്നില്ല. സമ്മാനത്തുകയായ 70 ലക്ഷം ദിർഹത്തിന് മറ്റ് രണ്ട് അവകാശികൾ കൂടിയുണ്ട്. മറ്റൊരു ഇന്ത്യക്കാരനും പാക്കിസ്താനിയുമാണ് സമ്മാനത്തുകയുടെ മറ്റു അവകാശികൾ. ടിക്കറ്റിന്റെ പകുതി തുക ഇവരുടേതാണ്. സമ്മാനത്തുകയുടെ പകുതി ഇരുവർക്കും വീതിച്ച് നൽകുമെന്ന് വർക്കി മാത്യു അറിയിച്ചിട്ടുണ്ട്.

Top