ഈ വര്‍ഷത്തെ നമ്പര്‍ പ്ലേറ്റ് ലേലത്തില്‍ ദുബൈ റോഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി വാരിക്കൂട്ടിയത് 24.8 ദശലക്ഷം ദിര്‍ഹം, അഥവാ 44 കോടിയിലേറെ രൂപ. അത്യന്തം ആവേശകരമായ ആര്‍.ടി.എയുടെ 96ാമത് വാഹന നമ്പര്‍ പ്ലേറ്റ് ലേലത്തില്‍ ആകര്‍ഷകമായ 80 നമ്പറുകള്‍ ലേലം ചെയ്താണ് ഇത്രവലിയ തുക സ്വരൂപിച്ചത്. ഇതില്‍ ഏറ്റവും വലിയ തുകയ്ക്ക് ലേലത്തില്‍ പോയത് R-111 എന്ന സവിശേഷ നമ്പറാണ്. ഇതിന് 2.65 ദശലക്ഷം ദിര്‍ഹമാണ് (4.7 കോടി രൂപ) ലഭിച്ചത്. ഇത്രവലിയ തുക സ്വരൂപിക്കാനായത് നമ്പര്‍ പ്ലേറ്റ് ലേലം പരിപാടി ആര്‍ജ്ജിച്ച ജനസമ്മതിയുടെ തെളിവാണെന്ന് ദുബൈ റോഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയുടെ ലൈസന്‍സിംഗ് ഏജന്‍സിയുടെ സി.ഇ.ഒ അഹ്മദ് ബെഹ്‌റൂസിയാന്‍ അഭിപ്രായപ്പെട്ടു. മറ്റ് സവിശേഷ നമ്പറുകളായ F-999 1.06 ദലക്ഷം ദിര്‍ഹമും M7777, N1000 എന്നിവ എട്ട് ലക്ഷം ദിര്‍ഹം വീതവും നേടി. അത്യന്തം സുതാര്യമായാണ് ഏറെ ആവേശത്തോടെ ആളുകള്‍ പങ്കെടുക്കുന്ന ലേലംവിളി പരിപാടി ആര്‍.ടി.എ സംഘടിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ നടന്ന ലേലത്തില്‍ പോയ D-5 എന്ന നമ്പര്‍ പ്ലേറ്റാണ് ഇതുവരെ ലേലത്തില്‍ വിറ്റവയില്‍ ഏറ്റവും വിലകൂടിയത്. 33 ദശലക്ഷം ദിര്‍ഹമിന് ഇന്ത്യന്‍ വ്യവസായി ബല്‍വീന്ദര്‍ സഹാനിയായിരുന്നു ഈ നമ്പര്‍ സ്വന്തമാക്കിയത്. അടുത്ത ഡിസംബറില്‍ Q-2 എന്ന നമ്പര്‍ ലേലത്തിന് വയ്ക്കുമ്പോള്‍ ഈ റെക്കോഡ് മറികടക്കാനാവുമെന്നാണ് അധികൃതരുടെ പ്രത്യാശ. ഒറ്റ സംഖ്യാ നമ്പര്‍ പ്ലേറ്റുകളില്‍ അവസാനത്തേതാണിത്. ഇതിന് 33 ദശലക്ഷം ദിര്‍ഹമാണ് അടിസ്ഥാന വിലയായി തീരുമാനിച്ചിരിക്കുന്നത്. വാഹന കമ്പക്കാരായ യു.എ.ഇ യുവാക്കളാണ് നമ്പര്‍ പ്ലേറ്റ് ലേലത്തില്‍ ഏറ്റവും ആവേശത്തോടെ പങ്കെടുക്കാറ്.