1.40 കോടി ദിര്‍ഹം മോഷ്ടിച്ച ഒമ്പതംഗ സംഘത്തെ ദുബായ് പോലീസ് പിടികൂടിയത് വെറും 12 മണിക്കൂര്‍ കൊണ്ട്. പണം കണ്ടെടുത്തെന്നും സമീപ എമിറേറ്റ്‌സില്‍ നിന്നാണ് സംഘത്തെ പിടിച്ചതെന്നും കുറ്റാന്വേഷണ വിഭാഗം മേധാവി മേജര്‍ ജനറല്‍ ഖലീല്‍ ഇബ്രാഹീം അല്‍ മന്‍സൂരി പറഞ്ഞു. മുറഖബാത്ത് മേഖലയില്‍ എടിഎമ്മില്‍ നിറയ്ക്കാന്‍ കൊണ്ടുപോകുന്ന പണമാണ് മോഷ്ടാക്കള്‍ കവര്‍ന്നത്. സംഭവം നടന്ന ഉടനെ പോലീസ് ഫോണ്‍വഴി കാര്യം അറിഞ്ഞു. ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ ഉടന്‍ യോഗം ചേര്‍ന്നു. വ്യത്യസ്ത സംഘങ്ങള്‍ രൂപീകരിച്ചായിരുന്നു അന്വേഷണം. 12 മണിക്കൂറിനകം തന്നെ സംഘത്തെ പിടികൂടി. വ്യവസായ മേഖലയില്‍ ഒളിച്ചിരിക്കുകയായിരുന്നു ഇവര്‍. മോഷണത്തിന് ശ്രമിച്ചാല്‍ അലാറം മുഴങ്ങുന്ന സംവിധാനം ഉപയോഗിക്കാന്‍ പണമിടപാട് സ്ഥാപനങ്ങളോട് പോലീസ് ആവശ്യപ്പെട്ടു. അടുത്ത വര്‍ഷം മുതല്‍ എടിഎമ്മില്‍ പണം നിറയ്ക്കാന്‍ പോകുന്ന വാഹനത്തിലെ ബാഗുകള്‍ക്ക് ജിപിഎസ് സംവിധാനം നിര്‍ബന്ധമാക്കുമെന്ന് പോലീസ് മേധാവി അറിയിച്ചു.