ദുബൈയിലെ ബസ് സ്റ്റോപ്പില്‍ ബസ് കാത്തുനില്‍ക്കുകയായിരുന്ന ഫിലിപ്പിനോ യുവതിയെ തൊട്ടടുത്ത ട്രക്കിനു പിറകിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി ബലാല്‍സംഗം ചെയ്യാന്‍ ശ്രമിച്ച പാകിസ്താനി യുവാവിന് തടവ് ശിക്ഷ. 24കാരനായ പാകിസ്താനി നിര്‍മാണത്തൊഴിലാളിയെ ആറു മാസത്തെ തടവിനാണ് ദുബയ് കോടതി ശിക്ഷിച്ചത്. 2000 ദിര്‍ഹം പിഴയീടാക്കാനും വിധിച്ച കോടതി, ജയില്‍ വാസത്തിനു ശേഷം ഇയാളെ നാടുകടത്താനും ഉത്തരവിട്ടു. ജൂലൈ 12ന് അല്‍ ഖൂസ് ബസ് സ്‌റ്റോപ്പിലായിരുന്നു സംഭവം. ബസ് കാത്തിരിക്കുകയായിരുന്ന യുവതിയെ ഇയാള്‍ ബലാല്‍സംഗം ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു. ആ സമയത്ത് മദ്യലഹരിയിലായിരുന്നു യുവാവെന്ന് പോലിസ് പറഞ്ഞു. ബസ് സ്റ്റോപ്പില്‍ മറ്റ് ആളുകളൊന്നും ഇല്ലാത്ത സമയമായിരുന്നു അത്. യുവാവ് താനിരിക്കുന്ന സീറ്റിന് തൊട്ടടുത്ത സീറ്റില്‍ വന്നിരുന്നതായി ഫിലിപ്പിനോ യുവതി പോലിസിനോട് പറഞ്ഞു. ഇയാളുടെ ശരിയല്ലാത്ത നോട്ടം ശ്രദ്ധയില്‍പ്പെട്ട യുവതി സീറ്റില്‍ നിന്ന് മാറിയിരുന്നു. എന്നാല്‍ ഇയാള്‍ എഴുന്നേറ്റ് തന്റെ അടുത്തേക്ക് തന്നെ വരികയാരുന്നു. ഇയാള്‍ അടുത്തെത്തിയപ്പോള്‍ യുവതി എഴുന്നേറ്റ് മാറിനില്‍ക്കാന്‍ ശ്രമിച്ചു. കടന്നുപിടിക്കാന്‍ ശ്രമിച്ചപ്പോള്‍ കുതറിമാറിയ യുവതി പോലിസിനെ വിളിക്കുമെന്ന് പറഞ്ഞുവെങ്കിലും അയാള്‍ ചെവിക്കൊണ്ടില്ല. യുവതിയെ പിറകിലൂടെ പിടിച്ച് തൊട്ടടുത്ത് പാര്‍ക്ക് ചെയ്തിരുന്ന വലിയ ട്രക്കിന്റെ മറവില്‍ കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു ഇയാള്‍.
യുവതിയുടെ നിലവിളി കേട്ട് ഓടിയെത്തിയ മധ്യവയസ്‌കനായ ഇന്ത്യക്കാരന്‍ കണ്ടത് മുട്ടുകുത്തിയിരിക്കുന്ന യുവതിയുടെ ഷര്‍ട്ട് അഴിച്ചുമാറ്റാന്‍ ശ്രമിക്കുന്ന യുവാവിനെയായിരുന്നു. അപ്പോഴേക്കും മറ്റു നാലുപേര്‍ കൂടി സ്ഥലത്തെത്തുകുയം യുവാവിനെ പിടിച്ചുമാറ്റി യുവതിയെ രക്ഷപ്പെടുത്തുകയും ചെയ്തു. ഉടന്‍ പോലിസിനെ വിളിച്ച് വിവരമറിയിച്ചു. കുതറിയോടാന്‍ ശ്രമിച്ച പാകിസ്താനിയെ ഓടിച്ച് പിടിച്ച് പോലിസിലേല്‍പ്പിക്കുകയും ചെയ്തു. യുവാവ് കുറ്റം നിഷേധിച്ചെങ്കിലും സാക്ഷിമൊഴികളടക്കമുള്ള തെളിവുകളുടെ അടിസ്ഥാനത്തില്‍ ഇയാള്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തുകയായിരുന്നു. യുവതിയെ ബലാല്‍സംഗം ചെയ്യാന്‍ ശ്രമിച്ചതിനും ലൈസന്‍സില്ലാതെ മദ്യം ഉപയോഗിച്ചതിനുമായിരുന്നു പോലിസ് ഇയാള്‍ക്കെതിരേ കേസെടുത്തത്.