ഇമോജികള്‍ ദുബൈയിലെ റോഡുകളില്‍ സിഗ്നല്‍ രൂപത്തിലെത്തുന്നു

ഇമോജികള്‍ ദുബൈയിലെ റോഡുകളില്‍ സിഗ്നല്‍ രൂപത്തിലെത്തുന്നു. നഗരത്തിലെ സ്കൂള്‍ മേഖലകളില്‍ അമിതവേഗത്തെ കുറിച്ച് വാഹനമോടിക്കുന്നവര്‍ക്ക് മുന്നറിയിപ്പ് നല്‍കാനാണ് ഇമോജി സിഗ്നലുകള്‍ രംഗത്തെത്തിയിരിക്കുന്നത്. പരമാവധി വേഗം മണിക്കൂറില്‍ നാല്‍പത് കിലോമീറ്റര്‍ മാത്രമായി പരിമിതപ്പെടുത്തിയിട്ടുള്ള ദുബൈ നഗരത്തിലെ സ്കൂള്‍ പരിസരത്താണ് ഇമോജി സിഗ്നലുകള്‍ വാഹനമോടിക്കുന്നവര്‍ക്ക് മുന്നറിയിപ്പ് നല്‍കുക. നിങ്ങള്‍ ഓടിക്കുന്ന വാഹനത്തിന്റെ വേഗം 40 കിലോമീറ്ററിന് താഴെയാണ് എങ്കില്‍ സിഗ്നല്‍ ഇങ്ങനെ സ്മൈലി വിടര്‍ത്തി നന്ദി പറയും. വാഹനത്തിന്റെ വേഗം അമിതമാണെങ്കില്‍ ഇമോജി നിരാശനാകും. വേഗത കുറക്കാന്‍ ആവശ്യപ്പെടും. രാത്രിയും പകലും ഈ സിഗ്നലുകള്‍ കടന്നുപോകുന്ന വാഹനങ്ങളുടെ വേഗത നിരീക്ഷിച്ചുകൊണ്ടിരിക്കും. അധ്യയനവര്‍ഷം ആരംഭിച്ച ആഴ്ചയില്‍ തന്നെ മുഹൈസിന, മിസ്ഹാര്‍, അല്‍വാസല്‍, ഗര്‍ഹൂദ്, അല്‍സഫ എന്നിവിടങ്ങളിലെ സ്കൂള്‍ പരിസരങ്ങളിലാണ് ഇമോജി സിഗ്നലുകള്‍ പ്രവര്‍ത്തനമാരംഭിച്ചത്.

Top