ഇനി ഷോപ്പിങിനിടെ അല്‍പ്പം ഉറങ്ങാം; മണിക്കൂര്‍ അടിസ്ഥാനത്തില്‍ കിടപ്പുമുറികള്‍ വാടകയ്ക്ക് നല്‍കി ദുബൈ മാള്‍

ദുബൈ: ഷോപ്പിങ് എന്ന് പറയുമ്പോള്‍ തന്നെ മണിക്കൂറുകള്‍ പിന്നിടുന്നതാണ്. ചിലരാകട്ടെ ഷോപ്പിങ് കഴിഞ്ഞാല്‍ പിന്നെ ആ ദിവസം മുഴുവന്‍ ക്ഷീണവും ഉറക്കുമെല്ലാമാണ്. ഇത്തരക്കാര്‍ക്ക് മുന്നിലേക്ക് വ്യത്യസ്ത ആശയവുമായി രംഗത്തെത്തിയിരിക്കുകയാണ് ദുബൈ ഷോപ്പിങ് മാള്‍. ലോകത്തെ ഏറ്റവും വലിയ ഷോപ്പിങ് മാളായ ദുബൈ മാളില്‍ ഇനി ഷോപ്പിങിനെത്തുന്നവര്‍ക്ക് ഉറങ്ങാനും സൗകര്യം ലഭിക്കും. ഒരാള്‍ക്ക് കിടക്കാവുന്ന കൊച്ചുകിടപ്പുമുറികള്‍ മണിക്കൂര്‍ അടിസ്ഥാനത്തില്‍ വാടകയ്ക്ക് നല്‍കുന്നതാണ് പുതിയ പദ്ധതി. പണമടച്ച് ആര്‍ക്ക് വേണമെങ്കിലും ഇവിടെ വിശ്രമിക്കുകയോ ഉറങ്ങുകയോ ചെയ്യാം. ഷോപ്പിങിനിടെ ക്ഷീണിക്കുന്നവര്‍ക്ക് മയങ്ങണമെന്ന് തോന്നുവരെയും ഉദ്ദേശിച്ചാണ് മാളില്‍ സ്ലീപ് പോഡ് ലോഞ്ചുകള്‍ ഒരുക്കിയിരിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു. സ്ലീപ് പോഡിനുള്ളില്‍ കയറി വാതിലടച്ചാല്‍ പുറത്തുനിന്നുള്ള ശബ്ദവും ബഹളവുമൊന്നും ശ്രദ്ധിക്കാതെ ഉറങ്ങാം എന്നതാണ് ഇതിന്റെ പ്രത്യേകത. മൊബൈല്‍ ചാര്‍ജ് ചെയ്യാന്‍ അഡാപ്റ്റര്‍, യുഎസ്ബി കേബിള്‍ എന്നീ സൗകര്യങ്ങളും സ്ലീപ് പോഡിനുള്ളിലുണ്ട്. ആദ്യ മണിക്കൂറിന് 0 ദിര്‍ഹം അഥവാ 680 രൂപയാണ് നിരക്ക്. 10 ദിര്‍ഹം അധികം നല്‍കിയാല്‍ തലയണയും കിട്ടും. രണ്ട് മണിക്കൂറിന് 75 ദിര്‍ഹവും, മൂന്ന് മണിക്കൂറിന് 95 ദിര്‍ഹവും ഈടാക്കും. പിന്നീടുള്ള ഓരോ മണിക്കൂറിനും 20 ദിര്‍ഹവും ലോഞ്ചിന് വാടക നല്‍കേണ്ടത്. സ്ലീപ് പോഡ് പദ്ധതിയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ മാള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. നിലവില്‍ ഈ സൗകര്യമുള്ളത് അബുദാബി വിമാനത്താവളത്തിലാണ്.

Top