ദുബായ് : വേനലില്‍ 48 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരും യുഎഇയില്‍. ഫോര്‍മുല വണ്‍ പോരാട്ടത്തിനും, കുതിരയോട്ടത്തിനും, ഒട്ടകയോട്ടത്തിനുമെല്ലാം പേരു കേട്ട സ്ഥലവുമാണ് ഇവിടം. അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങളും സ്‌കൈ ഡൈവുകളും യുഎഇയില്‍ നടക്കാറുണ്ട്. എന്നാല്‍ ചുട്ടുപൊള്ളുന്ന മരൂഭൂ പ്രദേശങ്ങളുള്ള ഈ ഗള്‍ഫ് രാജ്യത്ത് മഞ്ഞിലൂടെയുള്ള സ്‌കേറ്റിങ്ങിന് യാതൊരു സാധ്യതയുമില്ല. എന്നാല്‍ അവിടെ നിന്ന് ഫിഗര്‍ സ്‌കേറ്റിങ്ങില്‍ ചരിത്രം കുറിക്കുകയാണ് സാഹ്‌റ ലാറി.രണ്ട് സവിശേഷതകളുണ്ട് സാഹ്‌റ ലാറിയുടെ രംഗപ്രവേശനത്തിന്. ഒന്ന് ഗള്‍ഫ് രാജ്യത്ത് നിന്ന് വനിതാ സ്‌കേറ്റിംഗില്‍ അണിനിരക്കുന്ന ആദ്യ താരമാണ് ഈ 22 കാരി. രണ്ടാമതായി ഹിജാബ് അണിഞ്ഞ് ആദ്യമായി സ്‌കേറ്റിങ്ങില്‍ അണിനിരക്കുന്ന വനിതയുമാണ് സാഹ്‌റ.പ്രതിസന്ധികള്‍ തരണം ചെയ്താണ് ഹിജാബ് അണിഞ്ഞ് സാഹ്‌റ കളത്തിലിറങ്ങിയത്. സ്‌കാര്‍ഫ് അണിഞ്ഞ് മത്സരിക്കാന്‍ അനുമതിയുണ്ടായിരുന്നില്ല. എന്നാല്‍ അന്തര്‍ദ്ദേശീയ സ്‌കേറ്റിങ് യൂണിയനെ കൊണ്ട് ഈ ആവശ്യം അംഗീകരിപ്പിക്കാന്‍ സാഹ്‌റയ്ക്ക് സാധിച്ചു. 12 ാംവയസ്സിലാണ് സാഹ്‌റ സ്‌കേറ്റിംഗ് പഠിക്കാനാംരഭിക്കുന്നത്. ഐസ് പ്രിന്‍സസ് എന്ന ഡിസ്‌നി ചിത്രത്തില്‍ ആകൃഷ്ടയായാണ് സ്‌കേറ്റിങ് പഠിക്കുന്നത്. പുലര്‍ച്ചെ 4.30 ന് എണീറ്റ് പരിശീലനമാരംഭിക്കും. അബുദാബിയിലെ സയ്യിദ് സ്‌പോര്‍ട്‌സ് സിറ്റിയിലായിരുന്നു പരിശീലനം.സ്‌കൂള്‍ കഴിഞ്ഞെത്തിയാല്‍ വീണ്ടും പരിശീലനത്തില്‍ ഏര്‍പ്പെടും. എന്നാല്‍ തീര്‍ത്തും യാഥാസ്ഥിതിക കുടുംബത്തില്‍ നിന്ന് വരുന്ന സാഹ്‌റക്ക് ഹിജാബ് ഒഴിവാക്കാനാകുമായിരുന്നില്ല.അത് മാത്രമല്ല ഇറുകിയ വസ്ത്രങ്ങള്‍ ധരിച്ച് പുരുഷന്‍മാരെ അഭിമുഖീകരിച്ച് പരിശീലനങ്ങളില്‍ ഏര്‍പ്പെടുന്നതിനും പരിമിതികളുണ്ടായിരുന്നു. സമുദായത്തിലെ പെണ്‍കുട്ടികള്‍ കായിക ഇനങ്ങളില്‍ ഏര്‍പ്പെടേണ്ടതില്ലെന്ന ചിന്താഗതിക്കാരനായിരുന്നു സാഹ്‌റയുടെ പിതാവും.പക്ഷേ അവളുടെ ഉത്സാഹം കണ്ടപ്പോള്‍ മകളില്‍ അദ്ദേഹം മികച്ച ഭാവി കണ്ടു. ഇപ്പോള്‍ സാഹ്‌റയ്ക്ക് എല്ലാവിധ പിന്‍തുണയും നല്‍കി അദ്ദേഹം ഒപ്പമുണ്ട്. ഹിജാബ് അണിഞ്ഞ് ഈ 22 കാരി ഫിഗര്‍ സ്‌കേറ്റിംഗില്‍ ചരിത്രമെഴുതുകയാണ്.ശൈത്യകാല ഒളിമ്പിക്‌സില്‍ യുഎഇയെ പ്രതിനിധീകരിച്ച വ്യക്തി എന്ന വിശേഷണത്തിന് അപ്പുറത്ത് ലോക ചാംപ്യനാവുകയെന്നതാണ് തന്റെ ലക്ഷ്യമെന്ന് സാഹ്‌റ പറയുന്നു.