മെക്‌സിക്കോയില്‍ ശക്തമായ ഭൂചലനം; 105 പേര്‍ മരിച്ചു

മെക്സിക്കോയിലുണ്ടായ ശക്തമായ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം നൂറ് കടന്നു. ഭൂചലനത്തില്‍ കൂറ്റന്‍ കെട്ടിടങ്ങളും പാലങ്ങളും തകര്‍ന്നടിഞ്ഞതായി റിപ്പോര്‍ട്ട്. റിക്ടര്‍ സ്‌കെയിലില്‍ 7.1 രേഖപ്പെടുത്തിയ കമ്പനത്തില്‍ 105 പേര്‍ കൊല്ലപ്പെട്ടതായാണ് ഏറ്റവും ഒടുവിൽ ലഭ്യമാകുന്ന വിവരം. അപ്രതീക്ഷിതമായ ഭൂമികുലുക്കത്തിൽ ഒരുപാട് പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. 20 ഓളം കെട്ടിടങ്ങളാണ് തകർന്നു വീണത്. മെക്സിക്കോ സിറ്റി, മോറെലോസിൽ എന്നിവിടങ്ങളിലാണ് ഭൂചലനം നാശനഷ്ടം വിതച്ചത്. ഭൂചലനത്തെ തുടർന്ന് ചില കെട്ടിടങ്ങളിൽ തീപിടിത്തമുണ്ടായി. പരിക്കേറ്റവരെയും ഇടിഞ്ഞുവീണ കെട്ടിടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവരെയും രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്. പ്രാദേശിക സമയം 2.15നാണ് ഭൂചലനം ഉണ്ടായത്. സാൻ ജുവാൻ റബോസോ നഗരത്തിൽനിന്ന് 31 മൈൽ വടക്കുകിഴക്ക് മാറിയാണ് ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രമെന്ന് യു എസ് ജിയോളജിക്കൽ സർവേ അറിയിക്കുന്നു. മെക്സിക്കോയിലെ ജനങ്ങൾക്കൊപ്പം തങ്ങളുമുണ്ട് എന്ന് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ട്വീറ്റ് ചെയ്തു. ഈ മാസം ആദ്യം മെക്സിക്കോയിലുണ്ടായ ഭൂചലനത്തിൽ 90 പേർ മരിച്ചിരുന്നു.

Top