സൗദി അറേബ്യ സൗദികള്‍ക്ക്; വിദേശികളെ പിരിച്ചുവിടുന്നു

സൗദി അറേബ്യയില്‍ പ്രവാസികള്‍ക്ക് കനത്ത തിരിച്ചടി നല്‍കി പുതിയ തീരുമാനം. സര്‍ക്കാര്‍ വകുപ്പുകളില്‍ സൗദി വല്‍ക്കരണം നടപ്പാക്കുന്ന പദ്ധതിയുടെ ആദ്യം ഘട്ടത്തിന് തുടക്കമായി. ഇതോടെ സര്‍ക്കാര്‍ വകുപ്പുകളില്‍ ജോലി ചെയ്യുന്ന വിദേശികളെ പിരിച്ചുവിടും. വിദ്യാസമ്പന്നരായ സൗദിയിലെ യുവജനങ്ങള്‍ തൊഴില്‍രഹിതരായി നില്‍ക്കുന്നതാണ് സര്‍ക്കാര്‍ പദ്ധതി വേഗത്തിലാക്കാന്‍ കാരണം. ഇത് മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികള്‍ക്ക് കനത്ത തിരിച്ചടിയാണ്. സൗദി സര്‍ക്കാര്‍ വകുപ്പുകളില്‍ നിരവധി മലയാളികലാണ് ജോലി ചെയ്യുന്നത്. സിവില്‍ സര്‍വീസ് മന്ത്രാലയമാണ് പുതിയ പദ്ധതിക്ക് തുടക്കമിട്ടിരികുന്നത്. ഡെപ്യൂട്ടി സിവില്‍ സര്‍വീസ് മന്ത്രി അബ്ദുല്ല അല്‍ മുലഫിയാണ് പദ്ധതിയെ സംബന്ധിച്ച് അറിയിച്ചത്. ഒറ്റയടിക്ക് വിദേശികളെ മൊത്തം മാറ്റില്ല. ഘട്ടമായി കുറയ്ക്കും. സൗദി പൗരന്‍മാര്‍ക്ക് ലഭിക്കുന്ന സേവനങ്ങള്‍ക്ക് മുടക്കം തട്ടാതെ ആയിരിക്കും പദ്ധതി നടപ്പാക്കല്‍. വിവിധ വകുപ്പുകള്‍ സംയുക്തമായാണ് വിദേശികളെ ജോലിയില്‍ നിന്ന് ഒഴിവാക്കുന്നതിന് വേണ്ട നീക്കങ്ങള്‍ നടത്തുന്നത്. അതിന് വേണ്ട സമഗ്രമായ രൂപ രേഖ തയ്യാറാക്കിയിട്ടുണ്ടെന്ന് മന്ത്രി വിശദീകരിച്ചു. 2020ഓടെയാകും പദ്ധതി പൂര്‍ത്തിയാക്കുക. അപ്പോഴേക്കും 28000 വിദേശികളെ പിരിച്ചുവിടും. ഈ തസ്തികകളില്‍ സ്വദേശികളെ നിയമിക്കുകയും ചെയ്യും. പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് പ്രത്യേക ശില്‍പ്പശാലകള്‍ സംഘടിപ്പിച്ചിരുന്നു. ഇതില്‍ നിര്‍ദേശിക്കപ്പെട്ട കാര്യങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയാണ് പുതിയ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. ആരോഗ്യ-വിദ്യാഭ്യാസ മേഖലകളിലാണ് വിദേശികള്‍ കൂടുതല്‍ ജോലി ചെയ്യുന്നതെന്ന് സൗദി സര്‍ക്കാര്‍ രേഖകള്‍ വ്യക്തമാക്കുന്നു. ഇനി മുതല്‍ വിദേശികളെ ഈ തസ്തികകളില്‍ നിയമിക്കില്ല. പകരം ഘട്ടമായി സ്വദേശികളെ നിയമിക്കുകയും ചെയ്യും. 75000 ത്തോളം വിദേശികള്‍ സര്‍ക്കാര്‍ ശമ്പളം പറ്റുന്ന വകുപ്പുകളില്‍ ജോലി ചെയ്യുന്നുണ്ടെന്നാണ് പുതിയ കണക്ക്. ഇവരില്‍ ഭൂരിഭാഗവും ഡോക്ടര്‍മാരും നഴ്‌സുമാരുമാരും അധ്യാപകരുമാണ്. ഈ മേഖലയില്‍ തന്നെ കൈ വെയ്ക്കാനാണ് തീരുമാനം. സൗദി കമ്മീഷന്‍ ഫോര്‍ ഹെല്‍ത്ത് സ്‌പെഷ്യാലിറ്റീസും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും മറ്റു സര്‍ക്കാര്‍ വകുപ്പുകളും സംയുക്തമായാണ് സ്വദേശി വല്‍ക്കരണത്തിന് ചുക്കാന്‍ പിടിക്കുന്നത്.

Top