അഴിമതി വിരുദ്ധ നടപടികളുടെ ഭാഗമായി സൗദിയില്‍ നടന്ന കൂട്ട അറസ്റ്റില്‍ കോടീശ്വരനായ എത്യോപ്യന്‍ ശെയ്ഖ് മുഹമ്മദ് ഹുസൈന്‍ അല്‍ അമൂദിയുമുണ്ടെന്ന് റിപ്പോര്‍ട്ട്. അറസ്റ്റിലായ വലീദ് ബിന്‍ തലാല്‍ രാജകുമാരനെ കഴിച്ചാല്‍ സൗദിയിലെ ഏറ്റവും വലിയ ധനികനാണ് എത്യോപ്യക്കാരനായ അമൂദി. ഇദ്ദേഹത്തെ എന്തിന്റെ പേരിലാണ് അറസ്റ്റ് ചെയ്തതെന്ന് വ്യക്തമല്ല. എത്യോപ്യയെന്ന ആഫ്രിക്കന്‍ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ താങ്ങിനിര്‍ത്തുന്നത് അമൂദിയാണെന്ന് പറഞ്ഞാല്‍ അത് അതിശയോക്തിപരമല്ല. ശെയ്ഖ് എന്ന അപനാമത്തില്‍ അറിയപ്പെടുന്ന അമൂദിക്ക് സൗദി പൗരത്വവുമുണ്ട്. 1994 മുതല്‍ എത്യോപ്യയില്‍ നടന്ന സ്വകാര്യവല്‍ക്കരണ പദ്ധതികളിലെല്ലാം ഒന്നല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ അമൂദിന്റെ കമ്പനികള്‍ക്ക് പങ്കുണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. എത്യോപ്യന്‍ സമ്പദ് വ്യവസ്ഥയെ താങ്ങിനിര്‍ത്തുന്നതില്‍ ശെയ്ഖിന്റെ പങ്ക് നിര്‍ണായകമാണെന്ന് 2008ല്‍ പുറത്തുവന്ന വിക്കിലീക്‌സ് രേഖകളില്‍ പറഞ്ഞിരുന്നു. ലോകത്തിലെ ഏറ്റവും ദരിദ്ര രാഷ്ട്രങ്ങളിലൊന്നാണ് എത്യോപ്യ. എന്നാല്‍ ദ്രുതഗതിയില്‍ വളരുന്ന ആഫ്രിക്കന്‍ രാജ്യമാണത്. എത്യോപ്യയുടെ മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ (ജി.ഡി.പി) 4.7 ശതമാനത്തിന് തുല്യമാണ് അമൂദിയുടെ സമ്പത്ത്- അഥവാ 3.4 ബില്യന്‍ ഡോളര്‍. ഹോട്ടല്‍ വ്യവസായം, കൃഷി, ഖനനം തുടങ്ങി എത്യോപ്യയുടെ എല്ലാ മേഖലകളിലും ഇദ്ദേഹത്തിന് നിക്ഷേപമുണ്ടെന്നാണ് റിപ്പോര്‍ട്ട്. അദ്ദേഹത്തിന്റെ വിവിധ കമ്പനികളിലായി ഒരു ലക്ഷത്തിലേറെ പേര്‍ ജോലി ചെയ്യുന്നുണ്ടെന്നാണ് കണക്ക്. ഏറ്റവും അവസാനമായി 2013ല്‍ എത്യോപ്യയില്‍ നടന്ന ലേബര്‍ ഫോഴ്‌സ് സര്‍വേ പ്രകാരം സ്വകാര്യമേഖലയിലെ ജോലിക്കാരുടെ 14 ശതമാനം വരും അമൂദിയുടെ ജീവനക്കാര്‍. എന്നാല്‍ അമൂദിയുടെ സമ്പത്തിനെക്കുറിച്ചുള്ള ലഭ്യമായ കണക്കുകളൊക്കെ പഴയതാണെന്നും കഴിഞ്ഞ നാലു വര്‍ഷത്തിനിടയില്‍ല അത് ഏറെ വര്‍ധിച്ചിട്ടുണ്ടാവുമെന്നുമാണ് ലോകബാങ്ക് അഭിപ്രായപ്പെടുന്നത്.
അമൂദിയുടെ അറസ്റ്റ് സുപ്രധാന വാര്‍ത്തയായിരുന്നു എത്യോപ്യന്‍ മാധ്യമങ്ങളില്‍. ഇതേത്തുടര്‍ന്ന് രാജ്യത്തിന്റെ പ്രധാനമന്ത്രി ഹൈലെമറിയം ദെസാലെന്‍ ഇതേക്കുറിച്ച് വിശദീകരണം നടത്താന്‍ പ്രത്യേക വാര്‍ത്താസമ്മേളനം നടത്തുകപോലുമുണ്ടായി. അമൂദിയുടെ അറസ്റ്റ് എത്യോപ്യയിലെ അദ്ദേഹത്തിന്റെ നിക്ഷേപങ്ങളെ ബാധിക്കില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. അദ്ദേഹത്തിന്റെ അറസ്റ്റ് രാജ്യത്തെ പ്രതസന്ധിയിലാക്കില്ലെന്ന് എത്യോപ്യന്‍ ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റിയും പ്രസ്താവനയിറക്കിയിട്ടുണ്ട്. 1946ല്‍ എത്യോപ്യയില്‍ ജനിച്ച അമൂദിയുടെ മാതാവ് എത്യോപ്യക്കാരിയും പിതാവ് സൗദി പൗരനുമായിരുന്നു. 1963ലാണ് ജോലി ആവശ്യാര്‍ഥം പിതാവിന്റെ ബന്ധുക്കളോടൊപ്പം സൗദിയിലേക്ക് അദ്ദേഹം ചേക്കേറിയത്. 1980കളിലെ ഇറാന്‍-ഇറാഖ് യുദ്ധ സമയത്ത് സൗദിയുടെ എണ്ണ സുരക്ഷിതമാക്കാന്‍ ഭൂഗര്‍ഭ എണ്ണ സംഭരണികള്‍ നിര്‍മിച്ചു നല്‍കാന്‍ കരാര്‍ ലഭിച്ചതോടെയാണ് ഇദ്ദേഹം സാമ്പത്തികമായി ഉയര്‍ന്നുവന്നത്. 17 കൊല്ലത്തെ കമ്മ്യൂണിസ്റ്റ് ഭരണത്തിന് വിരാമമിട്ട് 1991ല്‍ നടന്ന അട്ടിമറിയാണ് അമൂദിയെ എത്യോപ്യയിലേക്ക് ആകര്‍ഷിച്ചത്. ഭരണം മാറിയതോടെ സ്വതന്ത്ര കമ്പോള വ്യവസ്ഥിതിയിലേക്ക് മാറിയ എത്യോപ്യയില്‍ വന്‍ ബിസിനസ് സാമ്രാജ്യം സൃഷ്ടിക്കാന്‍ അമൂദിക്ക് സാധിച്ചു. ഊര്‍ജം, ടെലികോം എന്നിവ ഒഴിച്ചുള്ള മേഖലകളെല്ലാം സ്വകാര്യവല്‍ക്കരണത്തിന് വിധേയമായിക്കഴിഞ്ഞു. എത്യോപ്യയില്‍ മാത്രം അമൂദിക്ക് 77 കമ്പനികളുണ്ടെന്നാണ് കരുതപ്പെടുന്നത്.