കൊച്ചി: ജിഷ്ണുവിന്റെ അമ്മയ്ക്കെതിരായ പൊലീസ് നടപടയില്‍ ശക്തമായ പ്രതിഷേധവുമായി നടന് ജോയ്മാത്യു. അടിയന്തിരാവസ്ഥയുടെ രക്തസാക്ഷിയായ രാജനെ പോലുള്ളവരെ വില്പനയ്ക്കെവച്ച് അധികാരത്തിലേറിയ ഇടതപക്ഷം ജിഷ്ണുവിന്റെ അമ്മയ്ക്ക് നീതി നിഷേധിക്കുന്നതായി ജോയ്മാത്യു ഫേസ്ബുക്കില്‍ കുറിച്ചു. തേന്‍കുടത്തില്‍ വീണുപോയ ഒരു വയോധിക മന്ത്രിയുടെ നിരപരാധിത്വം അന്വേഷിക്കാന്‍ ഇരുപത്തിനാലു മണിക്കൂറിനുള്ളില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച സര്‍ക്കാര്‍ മകന് നഷ്ടപ്പെട്ട ഒരമ്മക്ക് നല്‍കിയത് പൊലീസ് മര്ദ്ദനവമാണെന്നും വിമര്‍ശിക്കുന്നുണ്ട്. ഓരോ ദിവസം കഴിയുന്തോറും ഉളുപ്പില്ലായ്മയുടെ ഊരാളന്മാരാവുകയാണ് നമ്മുടെ ഗവര്‍മ്മെന്റ് എന്ന് പറഞ്ഞാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.
ജോയ് മാത്യുവിന്റെ ഫേയ്സ് ബുക്ക് പോസ്റ്റ് ..
അടിയന്തിരാവസ്ഥയില്‍ പൊലീസ് ഉരുട്ടിക്കൊന്ന എന്‍ജിനീയറിങ് വിദ്യാര്‍ത്ഥി രാജന്റെ അച്ഛന് ഈച്ചരവാര്യര്‍ തന്റെ മകന് നീതി ലഭിക്കാന്‍ മരണംവരെ പോരാടി.രാജനെപ്പോലുള്ള രക്തസാക്ഷികളെ വില്‍പ്പനക്ക് വെച്ച് അധികാരത്തിലേറിയ ഇടതുപക്ഷം ഇപ്പോഴിതാ ജിഷ്ണുവിന്റെ അമ്മക്ക് നീതി നിഷേധിക്കുന്നു. തേന്‍കുടത്തില്‍ വീണുപോയ ഒരു വയോധിക മന്ത്രിയുടെ നിരപരാധിത്വം അന്വേഷിക്കാന്‍ ഇരുപത്തിനാലു മണിക്കൂറിനുള്ളില്‍ ജുഡീഷ്യല്‍ അന്വേഷണം.നീതിക്കു വേണ്ടി പോരാടുന്ന മകന് നഷ്ടപ്പെട്ട ഒരമ്മക്ക് പൊലീസ് മര്‍ദ്ദനവും ജയിലും.
ഓരോ ദിവസം കഴിയുന്തോറും. ഉളുപ്പില്ലായ്മയുടെ ഊരാളന്മാരാവുകയാണ് നമ്മുടെ ഗവര്‍മ്മെന്റ് .