വ്യാജ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് സൗദിയിൽ ജോലി നേടിയ മലയാളി നഴ്സുമാർ ജയിലിൽ.
സൗദി ആരോഗ്യമന്ത്രാലയത്തിന് കീഴിലെ ആശുപത്രികളിലാണ് മൂന്ന് മലയാളി നഴ്സുമാർ വ്യാജ സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ച് ജോലി നേടിയത്.
ജയിലിലായിരുന്ന മൂന്ന് നഴ്സുമാരിൽ ഒരാൾക്ക് കോടതിയിൽ നിന്നും ഉപാധികളോടെ ജാമ്യം ലഭിച്ചിരുന്നു. മറ്റു രണ്ട് നഴ്സുമാരും ജിദ്ദയിലെ ജയിലിലാണുള്ളത്.
അതേസമയം, മലയാളി നഴ്സുമാരുടെ മോചനത്തിനായി ഇന്ത്യൻ കോൺസുലേറ്റിന്റെ നേതൃത്വത്തിൽ ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. ഇന്ത്യൻ കോൺസുലേറ്റിലെ ഉദ്യോഗസ്ഥരായ ശിവലാൽ മീണ, മുഹമ്മദ് ഫൈസൽ എന്നിവർ തായിഫ് കിങ് അബ്ദുൾ അസീസ് ആശുപത്രിയിലെ ഉന്നത ഉദ്യോഗസ്ഥരുമായി കഴിഞ്ഞദിവസം ചർച്ച നടത്തിയിരുന്നു.
സൗദിയിൽ വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് ജോലി നേടിയ മൂന്ന് മലയാളി നഴ്സുമാരും കോട്ടയം പാലാ സ്വദേശിനികളാണ്.
ജിദ്ദയിലെ ജയിലിൽ കഴിഞ്ഞിരുന്ന മൂന്ന് നഴ്സുമാരിൽ ഒരാൾക്ക് ഒരു മാസത്തെ തടവിന് ശേഷം കോടതി ജാമ്യം അനുവദിച്ചിരുന്നു.
എന്നാൽ വിചാരണ പൂർത്തിയായതിന് ശേഷം മാത്രമേ നാട്ടിലേക്ക് പോകാൻ അനുമതിയുള്ളു.
ജിദ്ദയിലെ ജയിലിൽ കഴിയുന്ന ഒരാൾക്ക് ആയിരം റിയാൽ പിഴയും ഒരു വർഷം തടവും കോടതി ശിക്ഷ വിധിച്ചിട്ടുണ്ട്. മറ്റൊരാളുടെ കേസിൽ ഒരാഴ്ചയ്ക്കകം വിധിയുണ്ടാകും.
നിലവിൽ ജിദ്ദയിൽ കഴിയുന്ന നഴ്സുമാരെ വിചാരണയ്ക്ക് ശേഷം തായിഫിലെ ജയിലിലേക്ക് മാറ്റും.
സൗദിയിലെ റാനിയ, അൽ ഖുർമ, തായിഫ് എന്നിവിടങ്ങളിലെ ആശുപത്രികളിൽ ജോലി നേടിയ നഴ്സുമാർക്ക് കേരളത്തിൽ നിന്നുള്ള ഏജന്റുമാരാണ് വ്യാജ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റുകൾ സംഘടിപ്പിച്ച് നൽകിയത്.