സിംഹം കൂടുവിട്ട് പുറത്തിറങ്ങിയതായി വാര്‍ത്ത പ്രചരിച്ചld റാസല്‍ഖൈമയിലെ ജനങ്ങളെ മണിക്കൂറുകളോളം ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തി. പുറത്ത് കറങ്ങി നടക്കുന്ന ഒരു സിംഹക്കുട്ടിയുടെ ചിത്രം സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് എന്തുചെയ്യണമെന്നറിയാതെ ജനങ്ങള്‍ പരിഭ്രാന്തരായത്. അല്‍ സഹ്‌റ, അല്‍ ബരീറാത്ത് തുടങ്ങിയ പ്രദേശങ്ങളില്‍ സിംഹം കറങ്ങി നടക്കുന്നത് കണ്ടുവെന്ന ശബ്ദ സന്ദേശത്തോടൊപ്പമായിരുന്നു സിംഹത്തിന്റെ ഫോട്ടോ വന്നത്. കുട്ടികളെ പുറത്തേക്കയക്കുമ്പോള്‍ ശ്രദ്ധിക്കണമെന്നും അതില്‍ പ്രത്യേക നിര്‍ദേശമുണ്ടായിരുന്നു. നിമിഷങ്ങള്‍ക്കകം വാര്‍ത്ത കൊടുങ്കാറ്റ് പോലെ പ്രചരിച്ചു. കുട്ടികളെ പുറത്തേക്കയച്ചില്ലെന്നു മാത്രമല്ല, മുതിര്‍ന്നവര്‍ പോലും വാതിലടച്ചിരുന്നു. വാഹനങ്ങളിലുള്ളവര്‍ അതില്‍ നിന്ന് പുറത്തിറങ്ങാന്‍ ഭയന്നു. വൈകുന്നേരം നാലരയോടെയാണ് ഇതേക്കുറിച്ച് പോലിസിന് വിവരം ലഭിക്കുന്നത്. അതോടെ കൂടുവിട്ടിറങ്ങിയ സിംഹത്തിനായി പോലിസ് നാലുപാടും വലവീശി. മയക്കുവെടി ഉള്‍പ്പെടെ സിംഹത്തെ പിടികൂടാന്‍ സര്‍വ സന്നാഹങ്ങളോടെയുമായിരുന്നു പോലിസിന്റെ തിരച്ചില്‍. പക്ഷെ, മൂന്നു മണിക്കൂറിലേറെ തിരച്ചില്‍ നടത്തിയിട്ടും സിംഹത്തിന്റെ നിഴല്‍പോലും കാണാന്‍ പോലിസിന് കഴിഞ്ഞില്ല. അവസാനം, സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ചിത്രം പഴയതാണെന്ന് അന്വേഷണത്തിലൂടെ കണ്ടെത്തിയ പോലിസ് അധികൃതര്‍ തിരച്ചില്‍ അവസാനിപ്പിക്കാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു. എവിടെയും കൂട്ടില്‍ നിന്ന് സിംഹം പുറത്തിറങ്ങിയിട്ടില്ലെന്നും പോലിസ് അന്വേഷണത്തില്‍ വ്യക്തമായി. ചിത്രത്തില്‍ കാണുന്ന സിംഹം റാസല്‍ഖൈമ വന്യജീവി സങ്കേതത്തില്‍ സുഖമായി കഴിയുകയാണെന്നും പോലിസ് കണ്ടെത്തി. അവസാനം വാര്‍ത്ത വ്യാജമാണെന്ന് പോലിസ് അറിയിച്ചതോടെയാണ് ആളുകള്‍ക്ക് ശ്വാസം നേരെ വീണത്. അപ്പോഴേക്ക് സമയം രാത്രി എട്ടു മണി കഴിഞ്ഞിരുന്നു. സിംഹമില്ലെന്ന് പോലിസ് പറഞ്ഞെങ്കിലും ജനങ്ങളുടെ മനസ്സില്‍ നിന്ന് ഭീതി വിട്ടുമാറിയിട്ടില്ല. ഇത്തരം വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ച് ജനങ്ങളില്‍ ഭീതി വിതക്കുകയും അധികൃതരെ കുഴക്കുകയും ചെയ്യുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പോലിസ് അറിയിച്ചു. ഇത്തരമൊരു സന്ദേശം ഇപ്പോള്‍ പ്രചരിക്കാനിടയായ സാഹചര്യത്തെക്കുറിച്ച് റാസല്‍ഖൈമ പോലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
റാസല്‍ ഖൈമയില്‍ സിംഹമിറങ്ങി; ജനങ്ങള്‍ പരിഭ്രാന്ത്രരായി
Tags: fake news about lion