പോലിസ് ഓഫീസര്‍ ചമഞ്ഞ് തട്ടിപ്പ് നടത്തിയ രണ്ട് അറബ് വംശജരെ ഷാര്‍ജ പോലിസ് അറസ്റ്റ് ചെയ്തു. പോലിസുകാരെന്ന വ്യാജേന ആളുകളെ സമീപിച്ച് അവരില്‍ നിന്ന് പണവും മറ്റ് വിലപ്പെട്ട സാധനങ്ങളും തട്ടിയെടുത്തതിനാണ് അറസ്റ്റ്. ഇതുമായി ബന്ധപ്പെട്ട് വിവിധ രാജ്യക്കാരായ പ്രവാസികളില്‍ നിന്ന് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് പ്രതികളെ പിടികൂടിയത്. ഇതിനായി പ്രത്യേകം രൂപീകരിച്ച ഷാര്‍ജ പോലിസിലെ സി.ഐ.ഡി സംഘം തയ്യാറാക്കിയ കെണിയില്‍ ഇവര്‍ കുടുങ്ങുകയായിരുന്നു. ചില സംഭവങ്ങളില്‍ പ്രതികള്‍ ഇരകളെ കൈയേറ്റം ചെയ്യുകയും പഴ്‌സ്, മൊബൈല്‍ ഫോണ്‍ എന്നിവ തട്ടിയെടുക്കുകയും ചെയ്തതായി അല്‍ ഗര്‍ബ് പോലിസ് അറിയിച്ചു. യു.എ.ഇ പോലിസ് സ്വീകരിക്കുന്ന നിയമപരമായ രീതികളെ കുറിച്ച് അറിയാത്തവരും തിരിച്ചറിയല്‍ കാര്‍ഡ് ചോദിക്കാത്തവരുമായ പ്രവാസികളെയാണ് പ്രതികള്‍ പറ്റിച്ചതെന്ന് അല്‍ ഗര്‍ബ് പോലിസ് സ്‌റ്റേഷനിലെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ തലവന്‍ ലഫ്. കേണല്‍ മുഹമ്മദ് ഹസന്‍ അല്‍ ശാമിസി പറഞ്ഞു.
ഇത്തരം തട്ടിപ്പുകാരുടെ കെണിയില്‍ വീഴാതിരിക്കാന്‍ എല്ലാവരും ജാഗ്രത പുലര്‍ത്തണമെന്നും അദ്ദേഹം അറിയിച്ചു. പോലിസ് ഓഫീസറാണെന്ന് പറഞ്ഞ് പരിചയപ്പെടുത്തുന്നവരോട് പോലിസ് തിരിച്ചറിയല്‍ കാര്‍ഡ് കാണിക്കാന്‍ ആവശ്യപ്പെടണം. ദേഹപരിശോധനയ്‌ക്കോ വീടുകളിലോ സ്ഥാപനങ്ങളിലോ തിരച്ചില്‍ നടത്തുന്നതിനോ ഇതുമായി ബന്ധപ്പെട്ട പബ്ലിക് പ്രൊസിക്യൂട്ടറുടെ അനുമതി പത്രവും ആവശ്യപ്പെടാം. ഇത് രണ്ടും കാണിക്കാത്തവര്‍ പറയുന്നതിനോട് സഹകരിക്കരുതെന്നും അദ്ദേഹം പറഞ്ഞു. പോലിസ് സാധാരണഗതിയില്‍ പഴ്‌സ് പോലെയുള്ള സാധനങ്ങള്‍ നല്‍കാന്‍ ആവശ്യപ്പെടാറില്ല. ഇത്തരം തട്ടിപ്പുസംഘത്തിന്റെ ചതിയില്‍ വീഴാതിരിക്കാന്‍ ജാഗ്രത പാലിക്കണം. ഇത്തരം ആളുകളെക്കുറിച്ചുള്ള വിവരം ഉടന്‍ തന്നെ പോലിസിന് കൈമാറണമെന്നും അദ്ദേഹം പറഞ്ഞു. 901, 065943210 എന്നീ മ്പറുകളിലോ 800151 എന്ന ടോള്‍ ഫ്രീ നമ്പറിലോ ഷാര്‍ജ പോലിസിനെ വിളിക്കുകയോ 7999ലേക്ക് എസ്.എം.എസ് അയക്കുകയോ ചെയ്യാം. www.shjpolice.gov.ae/najeed ലേക്ക് ഓണ്‍ലൈനായും പരാതികള്‍ നല്‍കാവുന്നതാണ്.