ഷാര്‍ജയില്‍ ഹോട്ടല്‍ അപ്പാര്‍ട്ട്‌മെന്റില്‍ കുടുംബത്തിലെ മൂന്നു പേര്‍ ആത്മഹത്യ ചെയ്തു. രണ്ടു പേര്‍ രക്ഷപ്പെട്ടു. ശ്രീലങ്കന്‍ ദമ്പതികളും അവരുടെ മകനുമാണ് മരിച്ചത്. സ്ത്രീയുടെ സഹോദരിയും മരുമകളും രക്ഷപ്പെടുകയായിരുന്നു. ആഗസ്ത് 29നായിരുന്നു ആളുകളെ നടുക്കിയ ഈ ദാരുണ സംഭവം. പുലര്‍ച്ചെ രണ്ടര മണിക്ക് ഷാര്‍ജയിലെ കെട്ടിടത്തില്‍ നിന്ന് ഒരാള്‍ താഴേക്ക് ചാടിമരിച്ചതോടെയാണ് കൂട്ടആത്മഹത്യയുടെ വിവരം പുറത്തറിയുന്നത്. സംഭവം നടന്നയുടന്‍ ഹോട്ടല്‍ അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്ന് പോലിസെത്തി പരിശോധിച്ചപ്പോള്‍ ഇയാള്‍ ഹോട്ടല്‍ അപ്പാര്‍ട്ട്‌മെന്റിലെ താമസക്കാരനാണെന്നു മനസ്സിലാവുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ താമസിക്കുന്ന ഏഴാം നിലയിലെ അപ്പാര്‍ട്ട്‌മെന്റില്‍ പോലിസ് എത്തിയെങ്കിലും വാതില്‍ പൂട്ടിയ നിലയിലായിരുന്നു. വാതില്‍ പൊളിച്ച് അകത്തു കടന്ന പോലിസ് കണ്ടത് ചോരയില്‍ കുളിച്ചിരിക്കുന്ന മൂന്ന് സ്ത്രീകളെയും വെള്ള തുണിയിട്ട് മൂടിയ ഒരു കുട്ടിയുടെ മൃതദേഹവുമായിരുന്നു. രണ്ട് യുവതികള്‍ക്ക് ജീവനുണ്ടെന്ന് മനസ്സിലാക്കിയ പോലിസ് ഇവരെ ഉടന്‍ അല്‍ കുവൈത്തി ആശുപത്രിയിലെത്തിക്കുകയായിരുന്നു. 16കാരനായ മകന്‍ വിഷം ഉള്ളില്‍ ചെന്നാണ് മരിച്ചതെന്ന് പോലിസ് പറഞ്ഞു. സ്ത്രീകള്‍ കൈത്തണ്ടയിലെ ഞരമ്പ് മുറിച്ചിരുന്നു. അവസാനമായാണ് 55കാരനായ ഗൃഹനാഥന്‍ കെട്ടിടത്തിന്റെ ഏഴാം നിലയില്‍ നിന്ന് താഴേക്ക് ചാടിയത്. ഭാര്യക്ക് 54ഉം മറ്റു രണ്ട് സ്ത്രീകള്‍ക്ക് 27ഉം 17ഉം വയസ്സുമാണ്. ഇവര്‍ കുറച്ചുകാലമായി സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുകയാണെന്ന് റിപ്പോര്‍ട്ടുണ്ട്.
ഷാര്‍ജയില്‍ കൂട്ട ആത്മഹത്യ; മൂന്നുപേര്‍ മരിച്ചു; രണ്ടു പേര്‍ രക്ഷപ്പെട്ടു
Tags: family commits suicide