രണ്ട് കോടിയിലേറെ രൂപ (12 ലക്ഷം ദിര്‍ഹം) വിലമതിക്കുന്ന ആഢംബര കാറായ ഫെറാരി മോഷ്ടാക്കള്‍ മറിച്ചുവിറ്റത് വെറും 35 ലക്ഷം രൂപയ്ക്ക് (2 ലക്ഷം ദിര്‍ഹം). ദുബയിലാണ് സംഭവം. താമസിക്കുന്ന ഹോട്ടലിന്റെ പാര്‍ക്കിംഗ് ഏരിയയില്‍ നിര്‍ത്തിയിട്ട യൂറോപ്യന്‍ സ്വദേശിയുടെ കാര്‍ മോഷ്ടാക്കള്‍ തട്ടിയെടുത്ത ശേഷം ആഫ്രിക്കന്‍ സ്വദേശിക്ക് വില്‍ക്കുകയായിരുന്നു. മോഷ്ടിച്ച കാര്‍ രാജ്യത്തിനു പുറത്തേക്ക് കൊണ്ടുപോവുക പ്രയാസമായതിനാല്‍ അത് പൊളിച്ചുമാറ്റി സ്‌പെയര്‍ പാര്‍ട്‌സാക്കിയ ശേഷം നാട്ടിലേക്ക് കയറ്റി അയക്കാനായിരുന്നു ഇയാളുടെ പദ്ധതി. ഇതനുസരിച്ച് ദുബയ്ക്ക് പുറത്തുള്ള ഗാരേജിലേക്ക് കാര്‍ കൊണ്ടുപോയെങ്കിലും പൊളിച്ചുമാറ്റുന്നതിന് മുമ്പ് പോലിസ് പിടിയിലാവുകയായിരുന്നു. കാര്‍ നഷ്ടമായ യൂറോപ്യന്‍ പൗരന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലിസ് നടത്തിയ അന്വേഷണത്തിലാണ് കാര്‍ കണ്ടെത്താനായതെന്ന് ദുബയ് പോലിസ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം അസിസ്റ്റന്റ് കമാന്റര്‍ ഇന്‍ ചീഫ് മേജര്‍ ജനറല്‍ ഖലീല്‍ ഇബ്‌റാഹീം അല്‍ മന്‍സൂരി പറഞ്ഞു. ആഫ്രിക്കന്‍ സ്വദേശിയെ ചോദ്യം ചെയ്തതില്‍ നിന്നാണ് കാര്‍ മോഷണ സംഘത്തെക്കുറിച്ച് പോലിസിന് വിവരം ലഭിക്കുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മൂന്ന് യൂറോപ്യന്‍ സ്വദേശികളും പിടിയിലാവുകയായിരുന്നു. ഇവര്‍ മൂന്നുപേരും സന്ദര്‍ശക വിസയിലാണ് ദുബൈയിലെത്തിയതെന്ന് അന്വേഷണത്തില്‍ വ്യക്തമായി. ഫെറാരിയുടെ മുന്‍ ഉടമയില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കാര്‍ മോഷണ ലക്ഷ്യവുമായി ഇവര്‍ ദുബയിലെത്തിയത്. ഇവര്‍ തമ്മിലുള്ള കരാര്‍ അനുസരിച്ച് മുന്‍ ഉടമയുടെ കൈവശമുണ്ടായിരുന്ന കാറിന്റെ താക്കോല്‍ മോഷണ സംഘത്തിന് കൈമാറുകയായിരുന്നു. കാറിന്റെയും ഉടമയുടെയും നീക്കങ്ങളെക്കുറിച്ച് രഹസ്യമായി മനസ്സിലാക്കിയ സംഘം പാര്‍ക്കിംഗ് ഏരിയയില്‍ വച്ച് ഫെറാരി തട്ടിയെടുത്തു. സ്‌പെയര്‍ കീ ഉപയോഗിച്ച് കാര്‍ മോഷ്ടിച്ച സംഘം ഏതാനും മണിക്കൂറുകള്‍ക്കം ആഫ്രിക്കക്കാരന് മറിച്ചുവില്‍ക്കുകയുമുണ്ടായി. പോലീസിന്റെ ഇടപെടല്‍ അല്‍പം വൈകിയിരുന്നെങ്കില്‍ ഫെറാരി സ്‌പെയര്‍ പാര്‍ട്‌സുകളായി ആഫ്രിക്കയിലേക്ക് കപ്പല്‍ കയറുമായിരുന്നുവെന്ന് പോലിസ് പറഞ്ഞു.
മോഷ്ടിച്ച രണ്ട് കോടി രൂപയുടെ ഫെറാരി വിറ്റത് വെറും 35 ലക്ഷത്തിന്
Tags: ferrari gang sell