സൗദിയില്‍ ഇന്ത്യക്കാരുടെ ഫര്‍ണിച്ചര്‍ സ്ഥാപനത്തില്‍ വന്‍ തീപിടുത്തം; 10 പേര്‍ മരിച്ചു

സൗദി അറേബ്യയില്‍ വന്‍ തീപിടുത്തത്തില്‍ 10 പേര്‍ മരിച്ചു. ഇവരില്‍ എട്ടും പേരും ഇന്ത്യക്കാരാണെന്നാണ് റിപ്പോര്‍ട്ടുകള്‍. മൂന്നു പേര്‍ക്കു സംഭവത്തില്‍ പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. സൗദിയിലെ ഷിഫയിലുള്ള ബദര്‍ സ്ട്രീറ്റിലെ ഒരു നിര്‍മാണ കേന്ദ്രത്തിലാണ് അഗ്നിബാധയുണ്ടായത്. പ്രാദേശിക സമയം പുലര്‍ച്ചെ നാലര മണിയോടെയാണ് ദുരന്തം നടന്നത്. ഫര്‍ണിച്ചര്‍ നിര്‍മാണ കേന്ദ്രത്തിലാണ് തീ പിടുത്തമുണ്ടായതെന്നു വിവിധ അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അപകടത്തിന്റെ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. ഷോര്‍ട്ട് സര്‍ക്യൂട്ടാവാം അപകടത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം. ഇതേക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇന്ത്യക്കാരുടെ ഉടമസ്ഥതയിലുള്ള സ്ഥാപനമായതിനാല്‍ തന്നെ മലയാളികള്‍ അപകടത്തില്‍ പെട്ടിട്ടുണ്ടോയെന്ന കാര്യത്തില്‍ സംശയമുണ്ട്. അപകടത്തില്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരെക്കുറിച്ചുള്ള വിശദാംശങ്ങളും പുറത്തുവന്നിട്ടില്ല.

Top