അടുത്തകാലത്തായി ഷാര്‍ജയിലെ വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലുമുണ്ടായ തീപ്പിടിത്തങ്ങളിലെ ഒന്നാം പ്രതി എലികളും രണ്ടാം പ്രതി അശ്രദ്ധയുമാണെന്ന് പോലിസ്. ഇലക്ട്രിക് കേബിളുകളും ഗ്യാസ് സ്റ്റൗവിന്റെ ട്യൂബുകളുമെല്ലാം എലികള്‍ മുറിക്കുന്നതു മൂലമുണ്ടാവുന്ന ഷോര്‍ട്ട് സര്‍ക്യൂട്ടുകളും പൊട്ടിത്തെറികളുമാണ് വന്‍ അഗ്നിബാധയ്ക്ക് കാരണമാവുന്നത്. അതിനാല്‍ ഇത്തരം ദുരന്തങ്ങള്‍ ചെറുക്കുന്നതിന്റെ ഭാഗമായി എലിശല്യമുള്ള വീട്ടുകാരും കെട്ടിടമുടമകളും ഷാര്‍ജ മുനിസിപ്പാലിറ്റിയെ വിവരമറിയിക്കുകയോ സ്വന്തമായി ഇവയെ നശിപ്പിക്കാന്‍ നടപടികള്‍ സ്വീകരിക്കുകയോ ചെയ്യണമെന്ന് ഷാര്‍ജ ഫോറന്‍സിക് ലബോറട്ടറിയിലെ വിദഗ്ധന്‍ കേണല്‍ ആദില്‍ അല്‍ മസ്മി പറഞ്ഞു. അപകടങ്ങള്‍ വരുത്തിവയ്ക്കുന്ന മറ്റൊരു പ്രധാനപ്പെട്ട ഘടകം ആളുകളുടെ അശ്രദ്ധയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ചെറുതായൊന്ന് ശ്രദ്ധ വച്ചാല്‍ ഒഴിവാക്കാമായിരുന്ന ദുരന്തങ്ങളാണ് ഈയിടെ ഷാര്‍ജയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട തീപ്പിടിത്ത കേസുകളില്‍ ഏറെയും. ചെറിയ അശ്രദ്ധ ആളുകളുടെ മരണം ഉള്‍പ്പെടെ വലിയ ദുരന്തങ്ങളിലേക്കും തീരാനഷ്ടത്തിലേക്കുമാണ് നയിക്കുകയെന്ന് താമസക്കാരും കെട്ടിടമുടമകളും തിരിച്ചറിയണം. സുഗന്ധം പുകയ്ക്കാനുപയോഗിക്കുന്ന പാത്രം പെട്ടിക്കകത്തോ ജനല്‍കര്‍ട്ടനു പിറകിലോ വയ്ക്കുക, ഗുണനിലവാരമില്ലാത്ത പവര്‍കോഡ് എക്‌സ്റ്റനുകള്‍ ഉപയോഗിക്കുക, എ.സിയുടെ കണക്ഷനുകള്‍ തുറന്നിടുക, ഇലക്ടിക്കല്‍ വയറിംഗുകള്‍ സ്റ്റൗ പോലുള്ള ചൂടാകുന്ന സാധനങ്ങളുടെ സമീപത്തുകൂടി കൊണ്ടുപോവുക തുടങ്ങിയ കാര്യങ്ങളാണ് വലിയ അപകടങ്ങളിലേക്ക് നയിക്കുന്നതായി കണ്ടെത്തിയത്.
ഇസ്തിരിപ്പെട്ടി ഓഫാക്കാതെ പുറത്തുപോയതിനാല്‍ വീട് മുഴുവന്‍ കത്തി നശിച്ച സംഭവങ്ങളും ഷാര്‍ജയില്‍ അടുത്തകാലത്ത് ഉണ്ടായതായി അന്വേഷണ ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് ചെയ്തു. വാട്ടര്‍ ഹീറ്ററിന്റെ സ്വിച്ച് ഓണാക്കിയിടുന്നതും അപകടകാരണമാണ്. താങ്ങാനാവുന്നതിലധികം ലോഡ് ഉപയോഗിച്ചാല്‍ ഇലക്ട്രിക് വയറുകള്‍ ചൂടാകുന്നത് മൂലം അവയുടെ ഇന്‍സുലേഷന്‍ ഉരുകിപ്പോവുകയും ഷോര്‍ട്ട് സര്‍ക്യൂട്ടിന് കാരണമാവുകയും ചെയ്യുന്ന സംഭവങ്ങളും പതിവാണ്. ഇതിനു പുറമെ, കാലപ്പഴക്കം ചെന്ന വയറിംഗ്, ഇലക്ട്രിക്കല്‍ ഉപകരണങ്ങള്‍ എന്നിവ ബന്ധപ്പെട്ടവരെക്കൊണ്ട് ഇടയ്‌ക്കൊന്ന് പരിശോധിപ്പിക്കുന്നതും നല്ലതാണെന്ന് അല്‍ മസ്മി പറഞ്ഞു. ദുരന്തം സംഭവിച്ച ശേഷം വിലപിക്കുന്നതിനു പകരം അവ ഉണ്ടാവാതിരിക്കാന്‍ ഇത്തരം കൊച്ചുകൊച്ചു കാര്യങ്ങള്‍ ശ്രദ്ധവയ്ക്കുകയാണ് വേണ്ടതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.