ഭര്‍ത്താവിന് തന്നെക്കൂടാതെ മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന് ഭാര്യ കണ്ടെത്തിയത് വിമാനയാത്രയ്ക്കിടെയാണ്. ഖത്തര്‍ എയര്‍വേയ്‌സിന്റെ ബാലി-ദോഹ വിമാനത്തിലാണ് നാടകീയ സംഭവം അരങ്ങേറിയത്. ഭര്‍ത്താവിന് അവിഹിത ബന്ധം ഉണ്ടെന്ന് കണ്ടത്തിയതിനെ തുടര്‍ന്ന് യാത്രക്കാരി അക്രമാസക്തയാവുകയായിരുന്നു. തുടര്‍ന്ന് വിമാനം ചെന്നൈയ്ക്ക് തിരിച്ച് വിട്ടു. വിമാനത്തിലെ യാത്രക്കാരായ ഇറാനിയന്‍ ദമ്പതികളാണ് കുടുംബ പ്രശ്‌നം വിമാനത്തില്‍ തീര്‍ത്തത്. ഞായറാഴ്ച രാവിലെ ദോഹയില്‍ നിന്നും ബാലിയിലേക്കാണ് വിമാനം യാത്ര പുറപ്പെട്ടത്. ഇറാന്‍കാരായ ഭാര്യയും ഭര്‍ത്താവും കുഞ്ഞും വിമാനത്തിലുണ്ടായിരുന്നു. യാത്രയ്ക്കിടെ ഭര്‍ത്താവൊന്ന് മയങ്ങിയപ്പോള്‍ യുവതി പണി പറ്റിച്ചു. ഫിംഗര്‍ ലോക്ക് ചെയ്ത ഫോണ്‍ ഭര്‍ത്താവിന്റെ വിരലുകള്‍ ഉപയോഗിച്ച് യുവതി തുറന്നു. ഫോണ്‍ പരിശോധിച്ചപ്പോഴാണ് ഭര്‍ത്താവിന് മറ്റൊരു യുവതിയുമായി ബന്ധമുണ്ടെന്ന വിവരം ഭാര്യയ്ക്ക് മനസ്സിലായത്. ഇതോടെ യുവതിയുടെ നിയന്ത്രണം വിട്ടു. യാത്രയ്ക്കിടെ മദ്യപിച്ചിരുന്ന യുവതി കലിയിളകി ഭര്‍ത്താവിനെ ആക്രമിച്ചു. വിമാനത്തില്‍ കിടന്ന് ഉറഞ്ഞ് തുള്ളിയ സ്ത്രീയെ ശാന്തയാക്കാന്‍ വിമാന ജീവനക്കാര്‍ ശ്രമിച്ചുവെങ്കിലും ഫലം ഉണ്ടായില്ല. പ്രശ്‌നത്തില്‍ ഇടപെട്ടവരോടും യുവതി പൊട്ടിത്തെറിക്കുകയായിരുന്നു. പ്രശ്‌നപരിഹാരം നടക്കില്ലെന്ന് ബോധ്യമായതോടെ പൈലറ്റ് വിമാനം തിരികെ ചെന്നൈയ്ക്ക് വിട്ടു. പ്രശ്‌നക്കാരെ ചെന്നെ വിമാനത്താവളത്തില്‍ ഇറക്കിയ ശേഷമാണ് വിമാനം യാത്ര തുടര്‍ന്നത്. മദ്യത്തിന്റെ ലഹരി അടങ്ങുന്നത് വരെ വിമാനത്താവളത്തിലെ ലോഞ്ചില്‍ തുടരാന്‍ കുടുംബത്തെ അനുവദിച്ചു. ശേഷം ഇവരെ ക്വാലാലംപൂരിലേക്കുള്ള വിമാനത്തില്‍ കയറ്റി വിടുകയായിരുന്നു.