ഫാ. ടോം ഉഴുന്നാലില്‍ കേരളത്തിലെത്താന്‍ വൈകും

ഐഎസ് ഭീകരര്‍ വിട്ടയച്ച മലയാളി വൈദികന്‍ ടോം ഉഴുന്നാലില്‍ റോമിലെത്തി. ഇക്കാര്യം വ്യക്തമാക്കി ബംഗളുരു സലേഷ്യന്‍ സഭയുടെ ആസ്ഥാനത്ത് സന്ദേശമെത്തി. ആരോഗ്യസ്ഥിതി മോശമായ സാഹചര്യത്തില്‍ ടോം റോമില്‍ കുറച്ചു ദിവസം വിശ്രമവും ചികിത്സയും തേടുമെന്നാണ് വ്യക്തമാകുന്നത്. കേരളത്തിലെത്താന്‍ വൈകുമെന്നും വ്യക്തമായിട്ടുണ്ട്.
18 മാസത്തിനു ശേഷമാണ് ഫാദര്‍ ടോം ഉഴുന്നാലിലിന് മോചനം ലഭിച്ചത്. ഒമാന്‍ സര്‍ക്കാരിന്റെ ഇടപെടലിനെത്തുടര്‍ന്നായിരുന്നു മോചനം. ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് ഒമാന്‍ വിദേശകാര്യ മന്ത്രാലയം വിഷയത്തില്‍ ഇടപെട്ടാണ് മോചനം സാധ്യമാക്കിയത്. അതേസമയം ഭീകരര്‍ തട്ടിക്കൊണ്ടു പോയ ഫാദര്‍ ടോം ഉഴുന്നാലിന് മോചനം ലഭിച്ചത് പണം നല്‍കിയ ശേഷമാണെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്. ഒരു കോടി ഡോളര്‍ മോചനദ്രവ്യമായി നല്‍കിയെന്നാണ് സൂചന. മൂന്ന് കോടി ഡോളര്‍ ഭീകരര്‍ ആവശ്യപ്പെട്ടിരുന്നതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 2016 മാര്‍ച്ച് നാലിനാണ് ഫാ. ടോമിനെ ഭീകരര്‍ തട്ടിക്കൊണ്ടുപോയത്. ഏദനിലുള്ള വൃദ്ധപുനരധിവാസ കേന്ദ്രത്തിലെ കന്യാസ്ത്രീകള്‍ ഉള്‍പ്പെടെ 16 പേരെ കൊലപ്പെടുത്തിയ ശേഷമായിരുന്നു തട്ടിക്കൊണ്ടുപോകല്‍. തന്നെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെടുന്ന ഫാദറിന്റെ വീഡിയോകളും സോഷ്യല്‍മീഡിയ വഴി പുറത്ത് വന്നിരുന്നു. കഴിഞ്ഞ മെയ് മാസത്തിലാണ് അവസാന വീഡിയോ പുറത്ത് വന്നത്. സലേഷ്യന്‍ വൈദികനും പാലാ രാമപുരം സ്വദേശിയുമാണ്.

Top