ന്യൂഡൽഹി : യെമനിൽ ഭീകരരുടെ പിടിയിൽനിന്നു മോചിപ്പിക്കപ്പെട്ടതിനുശേഷം ആദ്യമായി ഇന്ത്യയിലെത്തിയ ഫാ.ടോം ഉഴുന്നാലിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. മോദിയുടെ വീട്ടിൽ വച്ചായിരുന്നു കൂടിക്കാഴ്ച. കേന്ദ്ര ടൂറിസം മന്ത്രി അൽഫോൻസ് കണ്ണന്താനം, ജോസ് കെ. മാണി എംപി തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.റോമിൽനിന്നുള്ള എയർ ഇന്ത്യ വിമാനത്തിൽ ഇന്നു രാവിലെയാണ് ഫാ. ടോം ഡൽഹി ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിൽ എത്തിയത്. കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ നേതൃത്വത്തില്‍ ഡല്‍ഹി വിമാനത്താവളത്തില്‍ ഊഷ്മള സ്വീകരണമാണ് ഒരുക്കിയത്. കേരളത്തില്‍ നിന്നുള്ള എംപിമാരും സഭാപ്രതിനിധികളും വിമാനത്താവളത്തിലെത്തിയിരുന്നു.
തന്റെ മോചനത്തിനായി പരിശ്രമിച്ചവര്‍ക്ക് ഉഴുന്നാലില്‍ നന്ദി അറിയിച്ചു. “ഞാൻ വളരെ സന്തോഷവാനാണ്, ഈ ദിവസം സാധ്യമായതിന് ദൈവത്തിന് നന്ദി പറയുന്നു. എല്ലാവരും അവർക്ക് ആകാവുന്ന വിധത്തിൽ മോചനത്തിനായി ശ്രമിച്ചു. എല്ലാവരോടും നന്ദി പറയുന്നു”ഫാ. ടോം ഉഴുന്നാലിൽ പറഞ്ഞു. ഞായറാഴ്ച രാവിലെ ഉഴുന്നാലില്‍ കേരളത്തിലെത്തും. ചൊവ്വാഴ്ച തിരുവനന്തപുരത്തു മുഖ്യമന്ത്രി പിണറായി വിജയനെ കാണും.
ഉച്ചയ്ക്കു വത്തിക്കാന്‍ എംബസി സന്ദര്‍ശിക്കുന്ന അദ്ദേഹം വൈകിട്ട് 4.30ന് മാധ്യമങ്ങളെ കാണും. 6.30നു ഗോള്‍ ഡാക് ഘാന സേക്രഡ് ഹാര്‍ട്ട് കത്തീഡ്രലില്‍ കുര്‍ബാന. നാളെ ബെംഗളൂരുവിലേക്കു തിരിക്കുന്ന ഫാ. ടോം, 12 മണിക്കു സെന്റ് ജോണ്‍സ് മെഡിക്കല്‍ കോളെജില്‍ ക്രൈസ്തവ സഭാ മേലധ്യക്ഷന്‍മാരുമായി കൂടിക്കാഴ്ച നടത്തും.സി ബി സി ഐ സെക്രട്ടറിയുമായും കൂടിക്കാഴ്ച നടത്തുന്ന അദ്ദേഹം 29 ന് ബെംഗളൂരുവിലെത്തും . ബെംഗളൂരുവിലെ സെലേഷ്യൻ സഭാ ആസ്ഥാനത്ത് സ്വീകരണ പരിപാടിയും സർവമത പ്രാർത്ഥനയും നടക്കും. തന്റെ അനുഭവങ്ങൾ ഫാ.ടോം പങ്കുവെക്കും. അന്നേ ദിവസം നടക്കുന്ന ബിഷപ്സ് കൗൺസിൽ യോഗത്തിനിടെ ബിഷപ്പുമാരെയും ഫാ. ടോം കാണുന്നുണ്ട് .30 ന് ബെംഗളൂരുവിൽ കഴിയുന്ന അദ്ദേഹം ഞായറാഴ്ചയാണ് കേരളത്തിലേക്ക് തിരിക്കുക. ഒക്ടോബർ 1ന് എറണാകുളത്തെത്തും . ജന്മസ്ഥലമായ കോട്ടയം രാമപുരത്ത് അദ്ദേഹത്തിന് സ്വീകരണം നൽകും .തിരുവനന്തപുരത്തെത്തുന്ന ഫാ.ടോം മുഖ്യമന്ത്രിയെയും പ്രതിപക്ഷ നേതാവിനെയും കണ്ട് നന്ദി അറിയിക്കും .