
ഭോപ്പാല്‍: മഴ പെയ്യുന്നതിനായി തവളകളെ പിടിച്ചുകെട്ടി കല്യാണം കഴിപ്പിച്ചവർക്ക് പണി കിട്ടി. കല്യാണത്തോടെ മഴ എത്തിയെങ്കിലും മഴ പിന്നെ പോയില്ല, തോരാതെ പെയ്യുകയായിരുന്നു. തുടർന്ന് വെള്ളപ്പൊക്കവും. മഴയ്ക്ക് ശമനമില്ലാതായതോടെ മഴ തോരാന്‍ കണ്ടമാര്‍ഗം തവളകെ വിവാഹമോചിതരാക്കുക എന്നതായിരുന്നു.
ഭോപ്പാലിലാണ് തവള കല്യാണം നടത്തിയവര്‍ തന്നെ തവളകളുടെ പ്രതീകാത്മക വിവാഹ മോചനവും നടത്തിയത്. ഇന്ദ്രാപുരി ഭാഗത്തെ ശിവ സേവ ശക്തി മണ്ഡലിന്റെ നേതൃത്വത്തിലാണ് ബുധനാഴ്ച വൈകുന്നേരം പ്രതീകാത്മക വിവാഹ മോചനം നടന്നത്. മഴ തോരാതായതോടെ ഇവിടെയുള്ളവര്‍ വിവാഹ മോചനമാണ് പരിഹാരമെന്ന ഉത്തരം നല്‍കുകയായിരുന്നു.
സംസ്ഥാനത്താകമാനമുള്ള ശക്തമായ മഴ വലിയ നാശ നഷ്ടമാണ് ഇവിടെയുണ്ടാക്കിയത്. 9000 വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. 213 എണ്ണം പൂര്‍ണമായും തകര്‍ന്നു. തുടര്‍ന്നായിരുന്നു തവള ദമ്പതികളുടെ വിവാഹ മോചനം.
അങ്ങനെ പെട്ടെന്നൊരുനാള്‍ നിര്‍ബന്ധിച്ച് പിടിച്ച് കെട്ടിച്ചവര്‍ തന്നെ കെട്ടഴിച്ച് തവളകളെ സ്വതന്ത്രരാക്കി