
ന്യൂഡൽഹി: മഹാത്മാഗാന്ധിയുടെ പ്രതിഷ്ഠയുള്ള ഈ അമ്പലത്തിലേക്ക് ദിനംപ്രതി നിരവധി ഭക്തരാണ് എത്തുന്നത്. ഗാന്ധിജിയുടെ മാർബിൾ പ്രതിമയ്ക്ക് സമീപത്ത് വലതുഭാഗത്തായി ധ്യാനിക്കാനുള്ള ഇടമുണ്ട്. അദ്ദേഹത്തിന്‍റെ തത്വചിന്തകൾക്കായി ഒരു ലൈബ്രറിയുമുണ്ട്. തെലങ്കാനയിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. 2014ൽ സ്ഥാപിതമായ ക്ഷേത്രം വർഷങ്ങൾക്കുള്ളിൽ തന്നെ ഗാന്ധിജിയുടെ പേരിലുള്ള അദ്ഭുതസിദ്ധികൾക്ക് പ്രസിദ്ധമായി. ഗാന്ധിജിക്ക് അദ്ഭുതകരമായ സിദ്ധികളുണ്ടെന്നാണ് ഇവിടെയെത്തുന്നവർ വിശ്വസിക്കുന്നതെന്ന് ക്ഷേത്രത്തിലെ മുഖ്യപൂജാരി കുറെല്ല നാരായണ ചാരി പറഞ്ഞു. മകളുടെ വിവാഹം നടക്കാത്തതിൽ വിഷമിച്ചു നടന്നിരുന്ന രാജസ്ഥാൻ സ്വദേശിയായ വ്യവസായി ക്ഷേത്രത്തിൽ സന്ദർശനം നടത്തി.
ഇവിടെ വന്നുപോയി കുറച്ചുദിവസങ്ങൾക്കുള്ളിൽ തന്നെ മകളുടെ വിവാഹം ശരിയായതായും ചാരി പറഞ്ഞു. ക്ഷേത്രത്തിൽ എത്തുന്നവർ അവരുടെ ആഗ്രഹങ്ങൾ പൂർത്തീകരിക്കുന്നതിന് ക്ഷേത്രമുറ്റത്തെ പേരാലിൽ കാവിനിറമുള്ള നൂല് കെട്ടുകയാണ് പതിവെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ഗാന്ധിജിക്ക് രണ്ടാമതൊരു ക്ഷേത്രം കൂടി വരികയാണ്. ആന്ധ്രാപ്രദേശിലെ വിജയവാരയിലെ സയിദ് അപ്പാലസ്വാമി കോളേജിൽ
ഗാന്ധിജിയുടെ ജന്മദിനമായ ഒക്ടോബർ രണ്ടാം തിയതി മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡു ഉദ്ഘാടനം ചെയ്യും. ഗാന്ധിജിയുടെ ദർശനങ്ങളും മൂല്യങ്ങളും പ്രചരിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് സ്വാതന്ത്ര്യ സമരസേനാനികളായ രാംപിള്ള സയിദ് അപ്പാളസ്വാമിയുടെയും ഗൊല്ല നാരായണ റാവുവിന്‍റെയും കൊച്ചുമക്കൾ ക്ഷേത്രം പണിതത്.