ഗോധ്ര കൂട്ടക്കൊല കേസിൽ 11 പ്രതികളുടെ വധശിക്ഷ ഗുജറാത്ത് ഹൈക്കോടതി ജീവപര്യന്തം കഠിനതടവാക്കി കുറച്ചു. മറ്റ് 20 പ്രതികളുടെ ജീവപര്യന്തം ശിക്ഷ ശരിവയ്ക്കുകയും ചെയ്തു. ക്രമസമാധാനം കാത്തുസൂക്ഷിക്കുന്നതിൽ സംസ്ഥാനസർക്കാരും റെയിൽവേയും പരാജയപ്പെട്ടുവെന്നു ജസ്റ്റീസ് ആനന്ദ് എസ്. ദേവും ജസ്റ്റീസ് ജി.ആർ. ഉദ്വാനിയും അടങ്ങുന്ന ബെഞ്ച് നിരീക്ഷിച്ചു. കൊല്ലപ്പെട്ടവരുടെ ആശ്രിതർക്കു പത്തു ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകണമെന്നു കോടതി ഉത്തരവിട്ടു. പരിക്കേറ്റവർക്ക്, ശാരീരിക ബുദ്ധിമുട്ടുകൾക്ക് ആനുപാതികമായി നഷ്ടപരിഹാരം നിശ്ചയിക്കണമെന്നും നിർദേശമുണ്ട്. അപ്പീലിൽ വാദംകേൾക്കുന്നതു പൂർത്തിയായശേഷം വിധിപറയുന്നതു വൈകിയതിൽ കോടതി ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. കേസിലെ 63 പ്രതികളെ കുറ്റവിമുക്തരാക്കിയതിനെതിരേ പ്രത്യേക അന്വേഷണസംഘം സമർപ്പിച്ച അപ്പീലും കോടതി തള്ളി. 2002 ഫെബ്രുവരി 27നായിരുന്നു ഗോധ്രയിൽ ട്രെയിനിന് അക്രമികൾ തീവച്ചത്. 2011 മാർച്ച് ഒന്നിനാണു പ്രത്യേകകോടതി 31 പ്രതികളെ ശിക്ഷിച്ചുള്ള വിധി പ്രസ്താവിച്ചത്. 63 പേരെ കുറ്റവിമുക്തരാക്കുകയും ചെയ്തു. 31 പ്രതികളിൽ 11 പേർക്കു വധശിക്ഷയും മറ്റ് 20 പേർക്കു ജീവപര്യവുമാണു വിചാരണക്കോടതി നൽകിയത്. ഗോധ്ര സംഭവത്തിൽ ഗൂഢാലോചനയുണ്ടെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ചായിരുന്നു വിധി.
ഗോധ്ര കൂട്ടക്കൊല; 11 പ്രതികളുടെ വധശിക്ഷ ജീവപര്യന്തമാക്കി
Tags: godhra case