മോദിയുടെ ജീവചരിത്ര സിനിമക്കായി ഗോധ്ര ട്രെയിന്‍ തീവെപ്പ് പുനരാവിഷ്‌ക്കരിച്ചു

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവചരിത്ര സിനിമക്കുവേണ്ടി ഗോധ്ര ട്രെയിന്‍ തീവെപ്പ് പുനരാവിഷ്‌ക്കരിച്ചു. വഡോദരയിലെ പ്രതാപ് നഗറിനും ദബോയിക്കും ഇടയില്‍ വെച്ചാണ് ട്രെയിന്‍ തീപിടിക്കുന്ന രംഗങ്ങള്‍ ചിത്രീകരിച്ചതെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ടു ചെയ്യുന്നു. 2002 ഫെബ്രുവരി 27നാണ് സബര്‍മതി എക്‌സ്പ്രസിന്റെ എസ് 6 കോച്ചിന് തീപിടിക്കുന്നത്. തീവെപ്പില്‍ കൊല്ലപ്പെട്ട 59പേരില്‍ ഭൂരിഭാഗവും അയോധ്യയില്‍ നിന്നും മടങ്ങിയ കര്‍സേവകരായിരുന്നു. ഗോധ്ര തീവെപ്പിന് പിന്നാലെയാണ് ഗുജറാത്തില്‍ കലാപം പൊട്ടിപ്പുറപ്പെട്ടത്.ചിത്രീകരണത്തിന് പശ്ചിമ റെയില്‍വേയുടേയും വഡോദര അഗ്‌നിശമന സേനയുടേയും അനുമതി ലഭിച്ചിട്ടുണ്ടെന്ന് സിനിമയുടെ പ്രൊഡക്ഷന്‍ കമ്പനി എക്‌സിക്യുട്ടീവ് വ്യക്തമാക്കി.

നരേന്ദ്രമോദിയുടെ ജീവിതത്തെക്കുറിച്ച് പറയുന്ന സിനിമ ലോകസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സോഷ്യല്‍മീഡിയയില്‍ പുറത്തിറക്കാനാണ് അണിയറപ്രവര്‍ത്തകരുടെ പദ്ധതി. സിനിമയുടെ ചിത്രീകരണത്തിന് അനുമതി നല്‍കിയ വിവരം പശ്ചിമ റെയില്‍വേ പി.ആര്‍.ഒ ഖേംരാജ് മീന സമ്മതിച്ചിട്ടുണ്ട്.വിശ്വാമിത്രി റെയില്‍വേ സ്റ്റേഷനോട് ചേര്‍ന്നാണ് ചിത്രീകരണത്തിന് അനുമതി നല്‍കിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നാരോ ഗേജിലാണ് ചിത്രീകരണം നടന്നത്. ഇത് ട്രെയിന്‍ ഗതാഗതത്തെ ബാധിച്ചിട്ടില്ല. ഉപയോഗിക്കാത്ത ഒരു ബോഗി ഇതിനായി ചിത്രീകരണ സംഘത്തിന് നല്‍കുകയും ചെയ്‌തെന്ന് പേശ്ചിമ റെയില്‍വേ പി.ആര്‍.ഒ വ്യക്തമാക്കി. മോദിയുടെ ജീവചരിത്ര സിനിമയാണിത്. മോദി നേരിട്ട വെല്ലുവിളികള്‍ കാണിക്കാനാണ് ഈ രംഗം ചിത്രീകരിച്ചത്. ഇതിനാവശ്യമായ ട്രെയിന്‍ ബോഗിയും റെയില്‍വേയാണ് നല്‍കിയത്. ട്രെയിന്റെ പുറത്തുനിന്നുള്ള ചിത്രീകരണമാണ് ഇവിടെ നടത്തിയത്. തീപിടിക്കുന്ന ട്രെയിന്റെ ഉള്ളില്‍ നിന്നുള്ള ചിത്രീകരണം മുംബൈയിലെ സെറ്റില്‍ വെച്ച് നടക്കും ഷൂട്ടിംങിന്റെ സൂപ്പര്‍വൈസിംങ് എക്‌സിക്യൂട്ടീവ് ജയരാജ് ഗാന്ധിവ് പറഞ്ഞു. അതേസമയം ഇത്തരമൊരു സിനിമയുടെ ചിത്രീകരണം സംബന്ധിച്ച് പാര്‍ട്ടി തലത്തില്‍ നിന്നും യാതൊരുവിവരവും ലഭിച്ചിട്ടില്ലെന്നാണ് ബി.ജെ.പി എം.പി രഞ്ജന്‍ ഭട്ട് പ്രതികരിച്ചത്.എന്നാല്‍ ഗോധ്ര സംബന്ധിച്ച പരാമര്‍ശമൊന്നും ചിത്രീകരണ അനുമതിക്കായി സമര്‍പ്പിച്ച അപേക്ഷയില്‍ ഉണ്ടായിരുന്നില്ലെന്നാണ് പശ്ചിമ റെയില്‍വേ സി.പി.ആര്‍.ഒ രവീന്ദ്ര ഭാക്കര്‍ പറഞ്ഞത്.

ഒരാഴ്ച്ച മുമ്പായിരുന്നു അനുമതി നല്‍കിയത്. പ്രധാനമന്ത്രി പ്ലാറ്റ്‌ഫോമില്‍ ചായ വില്‍ക്കുന്നത് പോലുള്ള ദൃശ്യങ്ങള്‍ പുനരാവിഷ്‌ക്കരിക്കാനാണ് അനുമതി തേടിയത്. റെയില്‍വേയുടേയും രാജ്യത്തിന്റേയും പേര് കളയുന്ന ഒന്നിനും അനുമതി നല്‍കില്ല. അവരുടെ ചിത്രീകരണം വഴി റെയില്‍വേക്ക് എന്തെങ്കിലും സാമ്പത്തിക നഷ്ടമുണ്ടായോ എന്ന് പരിശോധിക്കും. അങ്ങനെ വന്നാല്‍ സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ നല്‍കിയ ഡെപ്പോസിറ്റും ഇന്‍ഷുറന്‍സും അടക്കമുള്ളവ ഈടാക്കും രവീന്ദ്ര ഭാക്കര്‍ വ്യക്തമാക്കി.

Top