ഹജ്ജ് കര്‍മത്തിന്റെ ഭാഗമായി മിനായില്‍ പ്രതീകാത്മകമായി പിശാചിനെ കല്ലെറിയുന്നതിന്റെ സെല്‍ഫിയെടുത്ത് പോസ്റ്റ് ചെയ്തതിനെക്കുറിച്ച് സാമൂഹികമാധ്യമങ്ങളില്‍ ചൂടേറിയ ചര്‍ച്ച. ആത്മീയനിമിഷയങ്ങളെയും ആരാധനാകര്‍മങ്ങളെയും ഇത്തരത്തില്‍ പ്രകടനപരതയ്ക്കും പൊങ്ങച്ചം കാണിക്കുന്നതിനുമായി ഉപയോഗിക്കാമോ എന്നതിനെ കുറിച്ചാണ് ചര്‍ച്ചകള്‍ നടക്കുന്നത്. ഹജ്ജ് തീര്‍ഥാടനത്തിന്റെ വിവിധ ഘട്ടങ്ങള്‍ സെല്‍ഫിയായും മറ്റും പോസ്റ്റ് ചെയ്യുന്ന പ്രവണത വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് പുതിയ ചിത്രത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടക്കുന്നത്. ജംറകളിലേക്ക് കല്ലെറിയുന്നതിന്റെ സെല്‍ഫിയിട്ട തീര്‍ഥാടകനെതിരെ വിമര്‍ശനവുമായി എത്തിയിരിക്കുകയാണ് സാമൂഹിക മാധ്യമങ്ങള്‍. ആളുകളെ കാണിക്കാന്‍ വേണ്ടി ചെയ്യുന്ന പ്രാര്‍ഥനകളും ആരാധനാകര്‍മങ്ങളും കൊണ്ട് കാര്യമില്ലെന്നാണ് വിമര്‍ശകരായ ഭൂരിപക്ഷം പേരും പറയുന്നത്. പൊങ്ങച്ചത്തിനും ലോകമാന്യത്തിനുമായി ചെയ്യുന്ന ആരാധനകള്‍ ദൈവത്തിനു വേണ്ടിയല്ലെന്നും മനുഷ്യര്‍ക്കു വേണ്ടിയുള്ളതാണെന്നുമുള്ള ഇസ്ലാമിക അധ്യാപനം ചൂണ്ടിക്കാണിച്ചാണ് സെല്‍ഫിക്കാരനെതിരായ വിമര്‍ശനം. ‘തീര്‍ച്ചയായും ഈ വര്‍ഷത്തിന്റെ ചിത്രമാണിത്- പിശാചിനൊപ്പം ഒരു സെല്‍ഫി’ എന്നാണ് സോഷ്യല്‍ മീഡിയയില്‍ വന്ന പ്രതികരണങ്ങളിലൊന്ന്. ആത്മീയ മുഹൂര്‍ത്തത്തിന്റെ പവിത്രത ഈ ചിത്രം ഇല്ലാതാക്കുന്നുവെന്ന് തരത്തിലും അഭിപ്രായങ്ങള്‍ ഉയരുന്നു.
അതേസമയം, ചിലരെങ്കിലും സെല്‍ഫിക്കാരന്റെ രക്ഷയ്‌ക്കെത്തി. തന്റെ ജീവിതത്തിലെ അമൂല്യമായ ഒരു നിമിഷത്തെ ഓര്‍മയ്ക്കായി കാമറയില്‍ പകര്‍ത്തിയതിന് ഇത്രവലിയ ബഹളത്തിന്റെ ആവശ്യമില്ലെന്നായിരുന്നു അവരിലൊരാളുടെ ന്യായം. സെല്‍ഫി ഭ്രമം വ്യാപകമാവുകയും അത് സുരക്ഷാ പ്രശ്‌നങ്ങള്‍ക്ക് കാരണമാവുകയും ചെയ്ത സാഹചര്യത്തില്‍ ഹജ്ജ് വേളയിലെ കാമറ ഉപയോഗത്തിന് പോലിസ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ അതില്‍ ചെറിയ ഇളവ് നല്‍കിയതോടെ പൂര്‍വാധികം ശക്തിയോടെ സെല്‍ഫി ഭ്രമം തിരികെയെത്തിയെന്നാണ് റിപ്പോര്‍ട്ട്.