ഹാരപ്പന്‍ സംസ്‌കാരത്തിന്റെ കാലഘട്ടത്തിലേതെന്ന് വിശ്വസിക്കപ്പെടുന്ന 5000 വര്‍ഷങ്ങള്‍ക്ക് മുമ്പ് അടക്കം ചെയ്യപ്പെട്ട മനുഷ്യന്റെ അസ്ഥികൂടം ഗുജറാത്തില്‍ കണ്ടെത്തി. ശ്മശാന മേഖലയില്‍ രണ്ട് മാസം നീണ്ട ഉല്‍ഖനനത്തിന് ശേഷമാണ് ഇത്രയും പഴക്കമുള്ള അസ്ഥികൂടത്തിന്റെ ഭാഗങ്ങള്‍ കിട്ടിയത്. ഗുജറാത്തിലെ കച്ച് ജില്ലയിലുള്ള ധോളവീരയില്‍ നിന്നും 360 കിലോമീറ്റര്‍ അകലെയാണ് ഇത്രയും പഴക്കമുള്ള അസ്തികൂടങ്ങള്‍ ലഭിച്ചത്. പ്രദേശത്ത് 300 മീറ്റര്‍ ചുറ്റളവില്‍ ഏതാണ്ട് 250 കുഴിമാടങ്ങള്‍ ഉണ്ടായേക്കാമെന്നാണ് പുരാവസ്തു ഗവേഷകര്‍ പറയുന്നത്. നിലവില്‍ 26 കുഴിമാടങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.
ഇവയിലൊന്നില്‍ നിന്നാണ് ആറടിയോളം ഉയരമുള്ള ഒരാളുടെ ഏതാണ്ട് പൂര്‍ണമായ അസ്ഥികൂടം ലഭിച്ചത്. പരിശോധനയില്‍ ഇതിന് 5000 വര്‍ഷത്തെ പഴക്കമെങ്കിലുമുണ്ടാകുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. അതേസമയം മറ്റിടങ്ങളില്‍ നിന്ന് വ്യത്യസ്തമായി ദീര്‍ഘചതുരാകൃതിയിലുള്ള കുഴിമാടങ്ങള്‍ ഇതാദ്യമായാണ് ഗുജറാത്തില്‍ നിന്ന് കണ്ടെത്തുന്നത്. മുമ്പ് കണ്ടെത്തിയവയൊക്കെ വൃത്താകൃതിയിലുള്ളതൊ അര്‍ധവൃത്താകൃതിയില്‍ ഉള്ളവയോ ആയിരുന്നു.
4600 മുതല്‍ 5200 വര്‍ഷം മുമ്പുള്ളതാണ് ഈ ശ്മശാനമെന്നാണ് നിഗമനം. കണ്ടെത്തിയ അസ്ഥികൂടത്തിന്റെ പ്രായം, മരണ കാരണം, ലിംഗം എന്നിവ കൃത്യമായി കണ്ടെത്താന്‍ കേരള സര്‍വകലാശാലയിലേക്ക് കൊണ്ടുവരും. കച്ച് സര്‍വകലാശാലയും കേരള സര്‍വകലാശാലയും സംയുക്തമായാണ് ഉല്‍ഖനനം നടത്തിത്. കണ്ടെത്തിയ കുഴിമാടങ്ങളില്‍ മൃതദേഹങ്ങള്‍ കിഴക്കോട്ട് തലവെച്ച നിലയിലാണ് അടക്കം ചെയ്തിരുന്നത്. കുഴിമാടങ്ങളില്‍ ഏറ്റവും നീളമുള്ളതിന് 6.9 മീറ്ററും കുറഞ്ഞത് 1.2 മീറ്ററുമുള്ളതാണ്. കുഴിമാടങ്ങളില്‍ നിന്ന് കക്കയുടെ തോടുകള്‍ കൊണ്ടുണ്ടാക്കിയ വളകള്‍, അരകല്ല്, കല്ലുകൊണ്ടുണ്ടാക്കിയ കത്തികള്‍, കല്ലുകള്‍ മിനുക്കിയുണ്ടാക്കിയ മുത്തുകള്‍ എന്നിവയും മൃഗങ്ങളുടെ അവശിഷ്ടങ്ങളും കണ്ടെത്തിയിട്ടുണ്ട്.