ബ്രസീലിയ: വിവാഹം നടത്താൻ വേദിയൊരുക്കിയത് മുന്തിരിത്തോപ്പിലും വധുവിന് യാത്രചെയ്യാൻ ഏർപ്പെടുത്തിയത് ഹെലികോപ്റ്ററും. വിവാഹ വേദിയിലേക്ക് വധുവുമായി എത്തിയ ഹെലികോപ്റ്റർ ലാൻഡിംഗിനിടെ തകർന്ന് തീഗോളമായി കത്തിയമർന്നു. എന്നാൽ തീപിടിച്ച് തുടങ്ങിയതും വധുവിനെയും കൂടെയുണ്ടായിരുന്നവരേയും രക്ഷിക്കാൻ കഴിഞ്ഞതോടെ വൻ ദുരന്തം ഒഴിവായി. ബ്രസീലിലെ വടക്കൻ സാവോപോളോയിലാണ് സംഭവമെന്ന് ആർ ടി ഡോട്ട് കോം റിപ്പോർട്ടു ചെയ്യുന്നു.
ഹെലിക്കോപ്ടർ തകർന്നു വീഴുന്നതിന്റെയും തീപിടിച്ചതിന്റെയും ദൃശ്യങ്ങൾ സാമൂഹികമാധ്യങ്ങളിൽ വൈറലായി. വടക്കൻ സാവോപോളോയിലെ ഒരു മുന്തിരിത്തോപ്പിലാണ് വിവാഹം നടത്താൻ നിശ്ചയിച്ചത്. ഇവിടേക്ക് വധുവിനെയും കൊണ്ട് എത്തിയ ഹെലികോപ്റ്റർ ലാൻഡിംഗിനിടെ ഉണ്ടായ പിഴവിൽ തീപിടിച്ച് കത്തിയമരുകയായിരുന്നു. പൈലറ്റിന് പുറമെ ഫോട്ടോഗ്രാഫറും ഒരു കുട്ടിയും അടക്കം മറ്റു മൂന്നുപേർ കൂടി വധുവിന് ഒപ്പമുണ്ടായിരുന്നു.
വധുവിനെ രക്ഷിച്ചെങ്കിലും കുടെയുണ്ടായിരുന്ന ചിലർക്ക് നിസ്സാര പരിക്കേറ്റതായാണ് റിപ്പോർട്ടുകൾ. ഇവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിവാഹവേദിക്ക് സമീപം ഇറക്കാൻ ശ്രമിക്കുന്നതിനിടെ ഹെലിക്കോപ്ടറിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു. എങ്കിലും ഒരുവിധം ലാൻഡ് ചെയ്ത് വധുവിനെയും മറ്റും ഇറക്കുന്നതിനിടെയാണ് തീപടർന്നത്.
ഇതിന് പിന്നാലെ കോപ്ടർ പൊട്ടിത്തെറിക്കുകയായിരുന്നു. സംഭവത്തിൽ എല്ലാവരും പരിഭ്രാന്തരായെങ്കിലും ആർക്കും വലിയ പരിക്കേറ്റില്ല എന്നത് എല്ലാവർക്കും ആശ്വാസമായി. ഇതോടെ വിവാഹ ചടങ്ങുകൾ ഭംഗിയായി തന്നെ മുൻ നിശ്ചയിച്ച പ്രകാരം നടത്തി.
https://twitter.com/_/status/992883935800635393