
കൊച്ചി∙ അടിമാലിയിലെ ഇരുപതേക്കറില്‍ മന്ത്രി എം.എം.മണി നടത്തിയ വിവാദ പ്രസംഗം ഗൗരവതരമാണെന്ന് ഹൈക്കോടതി. മണിക്കെതിരെ ഹര്‍ജിക്കാരന്‍ പരാതി നല്‍കിയിട്ടുണ്ടോയെന്നു ചോദിച്ച കോടതി, കേരളത്തില്‍ എന്താണു നടക്കുന്നതെന്നും ആരാഞ്ഞു. പൊലീസ് മേധാവി ഇതൊന്നും കാണുന്നില്ലേയെന്നും കോടതി ചോദിച്ചു. മണിയുടെ വിവാദ പ്രസംഗം സംബന്ധിച്ച് ഇടുക്കി എസ്പിയോട് വിശദീകരണവും തേടി. മണിയുടെ പ്രസംഗത്തിന്റെ സിഡി ഹാജരാക്കണമെന്നും കോടതി നിര്‍ദേശിച്ചു.
അതേസമയം, മണിയുടെ പ്രസംഗത്തില്‍ സ്ത്രീകള്‍ക്കെതിരെ യാതൊന്നും പറഞ്ഞിട്ടില്ലെന്ന് സര്‍ക്കാര്‍ കോടതിയില്‍ മറുപടി നല്‍കി. മാധ്യമപ്രവര്‍ത്തകരെ കുറിച്ചാണ് മണി പറഞ്ഞതെന്നും സര്‍ക്കാര്‍ നിലപാടെടുത്തു. എന്നാല്‍ മാധ്യമപ്രവര്‍ത്തകരെക്കുറിച്ച് എന്തും പറയാമെന്നാണോ കരുതുന്നതെന്ന് കോടതി സര്‍ക്കാരിനോട് ചോദിച്ചു.മൂന്നാറിലെ പെമ്പിളൈ ഒരുമെ സമരത്തെക്കുറിച്ചു മോശമായി പ്രസംഗിച്ച മന്ത്രി എം.എം. മണിക്കെതിരെ കേസെടുക്കാൻ ഡി.ജി.പിക്കു നിർദേശം നൽകണമെന്നാവശ്യപ്പെട്ടു തൃശൂർ സ്വദേശി ജോർജ് വട്ടുകുളമാണ് ഹൈകോടതിയിൽ ഹരജി നൽകിയത്. ഇടുക്കി കുഞ്ചിത്തണ്ണിയിലെ യോഗത്തിൽ മന്ത്രി മണി നടത്തിയ വിവാദ പ്രസംഗത്തിന്റെ പേരിൽ നടപടിയെടുക്കാൻ സംസ്ഥാന പൊലീസ് മേധാവിയോ ആഭ്യന്തര സെക്രട്ടറിയോ തയാറായിട്ടില്ലെന്നു ഹർജിയിൽ കുറ്റപ്പെടുത്തിയിരുന്നു. കഴിവുറ്റ സിവിൽ സർവീസ് ഉദ്യോഗസ്ഥരെ അപമാനിക്കുന്ന പരാമർശവും മന്ത്രിയുടെ ഭാഗത്തു നിന്നുണ്ടായതായി ഹർജിക്കാരൻ ചൂണ്ടിക്കാട്ടിയിരുന്നു.