കൊച്ചി: ചിതയില്‍ നിന്നുള്ള ചാരവും ശ്മശാനങ്ങളിലെ മണ്ണും ഉപയോഗിച്ച് നിര്‍മ്മിച്ച മനുഷ്യശരീരാവയവങ്ങള്‍. അവയവദാനത്തെ കുറിച്ച് അവബോധം നല്‍കാന്‍ കൊച്ചി ലുലു മാളില്‍ ആസ്റ്റര്‍ മെഡ്‌സിറ്റിയുടെ നേതൃത്വത്തില്‍ ഒരുക്കിയ ‘ലൈഫ് ബിഫോര്‍ ആഷസ്’ എന്ന പ്രദര്‍ശനത്തില്‍ നിന്നുള്ളതായിരുന്നു ഈ കാഴ്ച. ലോക കരള്‍ദിനത്തോടനുബന്ധിച്ച് അനുബന്ധിച്ചാണ് ആസ്റ്റര്‍ മെഡ്‌സിറ്റിയുടെ നേതൃത്വത്തില്‍ മള്‍ട്ടി ഓര്‍ഗന്‍ ഹാര്‍വസ്റ്റിംഗ് എയ്ഡ് നെറ്റ്വര്‍ക്ക്(മോഹന്‍) ഫൗണ്ടേഷന്റെ സഹകരണത്തോടെ പ്രദര്‍ശനം ഒരുക്കിയത്. 19ന് ആരംഭിച്ച പ്രദര്‍ശനം 22ന് സമാപിക്കും. ദാനം ചെയ്തിരുന്നെങ്കില്‍ വേറെ ആരുടെയെങ്കിലും ഹൃദയമോ, വൃക്കയോ ആയി പ്രവര്‍ത്തിക്കാന്‍ കഴിയുമായിരുന്ന അവയവങ്ങളെ കുറിച്ച് അവബോധം പകരുന്നതാണ് ഈ പ്രദര്‍ശനം. ലോക കരള്‍ ദിനത്തില്‍ കരളോ അവയവങ്ങളോ ദാനം ചെയ്യുമ്പോള്‍ മറ്റൊരാളുടെ ജീവനാണ് രക്ഷിക്കുന്നതെന്ന സുപ്രധാനമായ സന്ദേശം നല്‍കാനാണ് വ്യത്യസ്തമായ പ്രദര്‍ശനം ഒരുക്കുന്നതെന്ന് ആസ്റ്റര്‍ ഹോസ്പിറ്റല്‍ ആന്‍ഡ് ക്ലിനിക്‌സ് ഇന്ത്യ ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസര്‍ ഡോ.ഹരീഷ് പിള്ള പറഞ്ഞു. ലളിതവും സുപ്രധാനവുമായ സന്ദേശം ഹൃദയത്തില്‍ തറയ്ക്കുന്ന രീതിയില്‍ പകര്‍ന്നുനല്‍കാന്‍ ലൈഫ് ബിഫോര്‍ ആഷസ് പ്രദര്‍ശനം സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചാരത്തില്‍ നിന്ന് രൂപപ്പെടുത്തിയ അവയവ മാതൃക കാണുമ്പോള്‍ അവ ദാനം ചെയ്തിരുന്നെങ്കില്‍ മറ്റൊരു ശരീരത്തില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുന്നതായിരുന്നല്ലോ എന്ന ബോധം ഉണര്‍ത്താന്‍ കഴിയുമെന്ന് ഡോ.ഹരീഷ് പിള്ള പറഞ്ഞു. പ്രദര്‍ശനവേദിയില്‍ അവയവദാന സമ്മതപത്രം നല്‍കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. അവയവദാനത്തിന്റെ ഗുണഫലങ്ങളെ കുറിച്ച് ഊന്നല്‍ നല്‍കുന്നതാണ് ലൈഫ് ബിഫോര്‍ ആഷസ് പ്രദര്‍ശനമെന്ന് മോഹന്‍ ഫൗണ്ടേഷന്‍ സ്ഥാപകനും മാനേജിംഗ് ട്രസ്റ്റിയുമായ ഡോ.സുനില്‍ ഷ്‌റോഫ് പറഞ്ഞു. മോഹന്‍ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ മുംബൈ, ഡല്‍ഹി, ജയ്പൂര്‍ എന്നിവിടങ്ങളിലെ പ്രദര്‍ശനത്തിന് ശേഷമാണ് മനുഷ്യഹൃദയം, കരള്‍, വൃക്ക, കണ്ണ് എന്നിവയുടെ മാതൃകകള്‍ കൊച്ചിയില്‍ പ്രദര്‍ശിപ്പിക്കുന്നത്.
ചിതയില്‍ നിന്നുള്ള ചാരവും ശ്മശാനങ്ങളിലെ മണ്ണും ഉപയോഗിച്ച് നിര്‍മ്മിച്ച മനുഷ്യശരീരാവയവങ്ങള്‍; ശ്രദ്ധേയമായി ആസ്റ്റര്‍ മെഡ്‌സിറ്റിയുടെ ‘ലൈഫ് ബിഫോര്‍ ആഷസ്’ പ്രദര്‍ശനം
Tags: exhibition