
ദില്ലി: ചൈനയില്‍ നിന്ന് തുടക്കമിട്ട കൊറോണ വൈറസ് ബാധ ഇതുവരെ അയ്യായിരത്തിൽ അധികം പേരുടെ ജീവനെടുത്ത് കഴിഞ്ഞു. ഇന്ത്യ അടക്കം നൂറിലേറെ രാജ്യങ്ങളിലാണ് ഇതുവരെ കൊറോണ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ആഗോള തലത്തില്‍ മരണം 6492 കടന്നു. ഇറ്റലിയില്‍ ഇന്ന് മാത്രം മരിച്ചത് 368 പേര്‍ ആണ് .
ഇങ്ങനെ ഭീതിയിലാഴ്ത്തി കൊറോണ പടർന്നു പിടിക്കുകയാണ് ലോകം മുഴുവൻ . പനി, ചുമ എന്നിവയാണ് കൊറോണയുടെ ലക്ഷണങ്ങളായി കണക്കാക്കുന്നതെങ്കിലും നമ്മിൽ പലർക്കും ഇതിനോടകം തന്നെ ജലദോഷമടക്കമുള്ള പനിയിലേക്ക് നയിക്കുന്ന ലക്ഷണങ്ങൾ കണ്ടിരിക്കാം. എന്നാൽ ഏത് സാഹചര്യത്തിലാണ് വൈദ്യ സഹായം തേടേണ്ടത്, എങ്ങനെ ടെസ്റ്റ് ചെയ്യണം തുടങ്ങിയ വിവരങ്ങൾ എന്തൊക്കെയെന്ന് നോക്കാം…
പരിശോധിക്കേണ്ടത് എപ്പോൾ ?
പനി, ചുമ, ശ്വാസ തടസം എന്നിവയാണ് കൊറോണ ലക്ഷണങ്ങൾ. ഏതെങ്കിലും തരത്തിൽ കൊറോണ ബാധിക്കാൻ സാധ്യതയുള്ള വ്യക്തിയാണ് നിങ്ങളെന്ന് തോന്നുന്നുണ്ടെങ്കിൽ മേൽപ്പറഞ്ഞ ലക്ഷണങ്ങളിൽ ഏതെങ്കിലുമൊന്ന് പ്രകടമായാൽ കൊറോണ സംശയിക്കേണ്ടതാണ്. നിങ്ങൾ സെൽഫ് ക്വാറന്റീനിൽ ഇരിക്കണമന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.
എങ്ങനെ പരിശോധിക്കണം ?
സെൽഫ് ക്വാറന്റീനിൽ ഇരുന്ന ശേഷം അടുത്ത 48 മണിക്കൂർ നിർണായകമാണ്. രോഗ ലക്ഷണങ്ങൾ മൂർച്ഛിക്കുന്നുണ്ടോ എന്ന് നോക്കണം. ഉണ്ടെങ്കിൽ വീട്ടിലിരുന്ന് തന്നെ ആരോഗ്യ വിഭാഗത്തെ അറിയിക്കാം. അവർ വീട്ടിലെത്തി വേണ്ട പരിശോധനകൾ നടത്തും. ആവശ്യമെങ്കിൽ ആരോഗ്യ വിഭാഗ അധികൃതർ നിങ്ങളെ ആശുപത്രിയിലേക്ക് മാറ്റും.
എങ്ങനെ സെൽഫ് ക്വാറന്റീൻ ചെയ്യണം ?
സെൽഫ് ക്വാറന്റീനിൽ ഇരിക്കുന്ന സമയത്ത് ദിവസം രണ്ട് നേരം ശരീരോഷ്മാവ് പരിശോധിക്കണം. പനി, വരണ്ട ചുമ, തൊണ്ട വേദന, തലവേദന, ശ്വാസ തടസം എന്നിവയാണ് കൊറോണ ലക്ഷണങ്ങൾ.
ക്വാറന്റീനിലിരിക്കുമ്പോൾ മുറി വിട്ട് യാതൊരു കാരണവശാലും പുറത്ത് പോകാൻ പാടില്ല. സ്വന്തം മുറിയിൽ അടച്ചിരിക്കുകയും, അതിനകത്തെ ബാത്രൂം തന്നെ ഉപയോഗിക്കുകയും ചെയ്യണമെന്നാണ് നിർദേശം.60 ശതമാനമെങ്കിലും ആൽക്കഹോൾ അടങ്ങിയ സാനിറ്റൈസർ ഉപയോഗിച്ച് കൈ വൃത്തിയാക്കണം. മാസ്‌ക്കും ധരിക്കാം.ഈ സമയത്ത് ഗ്ലാസ്, പ്ലെയിറ്റ്, സ്പൂൺ തുടങ്ങിയവ വീട്ടിലെ മറ്റുള്ളവരുമായി പങ്കുവയ്ക്കാതിരിക്കാൻ ശ്രദ്ധിക്കണം.