യു.എസ് തന്ത്രം പൊളിഞ്ഞു; ഇറാന്‍ സൈനിക കേന്ദ്രങ്ങള്‍ പരിശോധിക്കില്ലെന്ന് ആണവ ഏജന്‍സി

ഇറാന്റെ സൈനിക കേന്ദ്രങ്ങളില്‍ പരിശോധന നടത്തണമെന്ന യു.എസ് ആവശ്യം യു.എന്നിന്റെ കീഴിലുള്ള അന്താരാഷ്ട്ര അണവോര്‍ജ ഏജന്‍സി തള്ളി. അമേരിക്കന്‍ സമ്മര്‍ദ്ദമുണ്ടെങ്കില്‍ പോലും ഇറാന്റെ പര്‍ച്ചിനിലേത് പോലുള്ള സൈനിക കേന്ദ്രങ്ങളില്‍ പരിശോധന നടത്താന്‍ ഉദ്ദേശിക്കുക്കുന്നില്ലെന്നാണ് പേര് വെളിപ്പെടുത്താതെ ആണവ ഏജന്‍സി വക്താവിനെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്ട്ട് ചെയ്തത്. രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കായി ഏജന്‍സിയെ ഉപയോഗിക്കാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഇത്തരമൊരു പ്രവര്‍ത്തനത്തിലൂടെ ഇറാനുമായി ലോകരാഷ്ട്രങ്ങളുണ്ടാക്കിയ കരാര്‍ പൊളിക്കാന്‍ അമേരിക്കയ്ക്ക് ഒരു കാരണമുണ്ടാക്കിക്കൊടുക്കാന്‍ തങ്ങള്‍ സന്നദ്ധരല്ലെന്ന് ആണവോര്‍ജ ഏജന്‍സിയുടെ മറ്റൊരു മുതര്‍ന്ന ഉദ്യോഗസ്ഥനും റോയിട്ടേഴ്‌സിനോട് പറഞ്ഞു.

ഇറാന്റെ സൈനിക കേന്ദ്രങ്ങളില്‍ പരിശോധന നടത്തണമെന്ന് യു.എന്നിലെ അമേരിക്കന്‍ അംബാസഡര്‍ നിക്കി ഹാലി കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവനയുമായി ബന്ധപ്പെട്ടാണ് ഐ.എ.ഇ.എ ഉദ്യോഗസ്ഥര്‍ ഇക്കാര്യം വ്യക്തമാക്കിയത്. ആണവ ഏജന്‍സി തലവന്‍ യുകിയ അമാനോയെ സന്ദര്‍ശിച്ചായിരുന്നു അമേരിക്കന്‍ അംബാസഡര്‍ ഈ പ്രസ്താവന നടത്തിയത്. കരാറിനെ തുടര്‍ന്ന് ആണവ കേന്ദ്രങ്ങളില്‍ നിന്ന് അണ്വായുധങ്ങള്‍ സൈനിക കേന്ദ്രങ്ങളിലേക്ക് ഇറാന്‍ മാറ്റിയിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്നായിരുന്നു അമേരിക്കന്‍ അംബാസഡറുടെ ആവശ്യം. എന്നാല്‍ അന്താരാഷ്ട്ര ആണവ കരാര്‍ പ്രകാരം സൈനിക കേന്ദ്രങ്ങളില്‍ പരിശോധന അനുവദിക്കാന്‍ ഇറാന് ബാധ്യതയില്ലെന്ന് ഇതുമായി ബന്ധപ്പെട്ട്് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി പറഞ്ഞിരുന്നു. ആണവ കരാറിനോട് ബാധ്യതയുണ്ടെന്നു കരുതി ആരുടെയും ഭീഷണിക്ക് വഴങ്ങില്ലെന്നും അമേരിക്കയുടെ ആവശ്യം ആണവ ഏജന്‍സി അംഗീകരിക്കുമെന്ന് തങ്ങള്‍ കരുതുന്നില്ലെന്നും ഇനി അംഗീകരിച്ചാല്‍ തന്നെ പരിശോധന അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കുകയും ചെയ്തിരുന്നു. അതേസമയം, 2016ലുണ്ടാക്കിയ അന്താരാഷ്ട്ര ആണവ കരാറുമായി ഇറാന്‍ പൂര്‍ണായി സഹകരിക്കുന്നുണ്ടെന്നാണ് യു.എന്‍ ആണവ ഏജന്‍സിയുടെ നിലപാട്. കരാറിലുള്‍പ്പെട്ട ഫ്രാന്‍സ് ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ കരാര്‍ അട്ടിമറിക്കാന്‍ യു.എസ് നടത്തുന്ന ശ്രമങ്ങളെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top