ന്യൂഡല്‍ഹി: ഭീകര ക്യാംപുകള്‍ തകര്‍ത്ത് അതിര്‍ത്തിയില്‍ ഇന്ത്യ-മ്യാന്‍മര്‍ സൈന്യത്തിന്റെ സംയുക്ത നീക്കം. ‘ഓപറേഷന്‍ സണ്‍റൈസ്’ (സൂര്യോദയം) എന്നു പേരിട്ട സൈനിക നടപടിയിലൂടെയായിരുന്നു ക്യാംപുകള്‍ തകര്‍ത്തത്. മേയ് 16 മുതല്‍ മൂന്നാഴ്ച നീണ്ട നടപടിയില്‍ എഴുപതോളം ഭീകരരെ അറസ്റ്റ് ചെയ്തു.
ഇന്തോ-മ്യാന്‍മര്‍ അതിര്‍ത്തിയിലായിരുന്നു ആക്രമണം. മണിപ്പുര്‍, നാഗാലാന്‍ഡ്, അസം എന്നീ സംസ്ഥാനങ്ങളുടെ അതിര്‍ത്തിയിലുള്ള ഭീകരക്യാംപുകളാണു തകര്‍ത്തത്. ഏകദേശം അന്‍പതോളം ഭീകര ക്യാംപുകള്‍ ഇന്ത്യ-മ്യാന്‍മര്‍ അതിര്‍ത്തിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് സുരക്ഷാ വിഭാഗം വ്യക്തമാക്കുന്നത്.
നാഗാലാന്റിലും മണിപ്പൂരിലും നീണ്ടകാലമായി തീവ്രവാദികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ലിബറേഷന്‍ ഓര്‍ഗനൈസേഷന്‍ (കെ.എല്‍.ഒ), എന്‍.എസ്.സി.എന്‍, യുണൈറ്റഡ് ലിബറേഷന്‍ ഫ്രണ്ട് ഓഫ് അസം (ഐ), നാഷണല്‍ ഡെമോക്രാറ്റിക് ഫ്രണ്ട് ഓഫ് ബോഡോലാന്‍ഡ്(എന്‍.ഡി.എഫ്.ബി) എന്നിവരുടെ ക്യാംപുകളും കേന്ദ്രങ്ങളുമാണു സൈന്യം തകര്‍ത്തത്.
സൈനിക നീക്കത്തിനിടെ 72 ഭീകരര്‍ കീഴടങ്ങിയിട്ടുണ്ട്. ഇന്‍ന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഓപറേഷന്‍ സണ്‍റൈസിന്റെ മൂന്നാം ഘട്ടം നടക്കുമെന്ന് സൈന്യം അറിയിച്ചു. ഓപറേഷന്‍ സണ്‍റൈസിന്റെ ഒന്നാം ഭാഗം സൈനിക നീക്കം നടത്തിയിരുന്നത് ആറ് മാസം മുമ്പായിരുന്നു. അറാക്കന്‍ ആര്‍മി പ്രക്ഷോഭകാരികളെയാണ് അന്ന് സൈന്യം തുരത്തിയത്.