ബ്രിട്ടന്‍ പിന്മാറി; രാജ്യന്തര കോടതിയില്‍ ദല്‍വീര്‍ ഭണ്ഡാരിക്ക് വിജയം

രാജ്യാന്തര കോടതി (ഐസിജെ)യുടെ ജഡ്ജി സ്ഥാനത്തേക്കുള്ള പോരാട്ടത്തില്‍ ഇന്ത്യക്കാരനായ ദല്‍വീര്‍ ഭണ്ഡാരിക്ക് വിജയം. ബ്രിട്ടന്റെ ക്രിസ്റ്റഫര്‍ ഗ്രീന്‍വുഡ് മത്സരരംഗത്തുനിന്ന് അവസാന നിമിഷം പിന്‍മാറിയതിനെ തുടര്‍ന്നാണ് ഭണ്ഡാരിയുടെ വിജയം ഉറപ്പിച്ചത്. വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ഇക്കാര്യം ട്വീറ്റ് ചെയ്യുകയും ചെയ്തു. ബ്രിട്ടനുമായുള്ള ശക്തമായ പോരാട്ടത്തിനും നയതന്ത്ര നീക്കങ്ങള്‍ക്കും ഒടുവിലാണ് അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ ജഡ്ജിയായി ഇന്ത്യക്കാരാന്‍ തിരഞ്ഞെടുക്കപ്പെട്ടത്. ബ്രിട്ടന്‍ തങ്ങളുടെ സ്ഥാനാര്‍ഥിയെ മത്സരത്തില്‍ നിന്ന് പിന്‍വലിച്ചതിനെത്തുടര്‍ന്നാണ് 70 കാരനായ ദല്‍വീര്‍ ഭണ്ഡാരി അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ ബെഞ്ചില്‍ അംഗമാവുന്നത്. 15 അംഗങ്ങളുള്ള ബെഞ്ചിലെ അവസാന സീറ്റിലേക്ക് നടന്ന മത്സരത്തിലാണ് ഭണ്ഡാരി തിരഞ്ഞെടുക്കപ്പെടുന്നത്. അന്താരാഷ്ട്ര നീതിന്യായ കോടതി 1945 സ്ഥാപിതമായതിനായതിന് ശേഷം ആദ്യമായാണ് ബ്രിട്ടീഷുകാരനില്ലാത്ത ബെഞ്ച് തിരഞ്ഞെടുക്കപ്പെടുന്നത്. ഇന്ത്യയ്ക്കുവേണ്ടി ദല്‍വീര്‍ ഭണ്ഡാരിയും ബ്രിട്ടനുവേണ്ടി ക്രിസ്റ്റഫര്‍ ഗ്രീന്‍വുഡുമാണ് അവസാന സീറ്റിലേക്കുള്ള മത്സര രംഗത്തുണ്ടായിരുന്നത്. എന്നാല്‍ ഇരുവരും തമ്മിലുള്ള ആദ്യഘട്ട മത്സരത്തില്‍ രണ്ടുപേര്‍ക്കും വ്യക്തമായ ഭൂരിപക്ഷം ഇല്ലാതെ വന്നതോടെ ഇന്ത്യന്‍ സ്ഥാനാര്‍ഥി തിരഞ്ഞെടുക്കപ്പെടുന്നതിനെതിരെ ബ്രിട്ടന്‍ നീക്കം നടത്തുകയായിരുന്നു. യുഎന്‍ പൊതുസഭയിലും രക്ഷാസമിതിയിലും ഭൂരിപക്ഷം നേടുന്ന ആളാകും തിരഞ്ഞെടുക്കപ്പെടുക. എന്നാല്‍ ഭണ്ഡാരിക്ക് പൊതുസഭയിലും ഗ്രീന്‍വുഡിന് രക്ഷാസമിതിയിലും ഭൂരിപക്ഷമുണ്ടെങ്കിലും ഇരുവര്‍ക്കും രണ്ടിടത്തും ഒരുമിച്ച് ഭൂരിപക്ഷം നേടാന്‍ സാധിച്ചിട്ടില്ല.മുമ്പുള്ള കീഴ്വഴക്കം അനുസരിച്ച് പൊതുസഭയില്‍ ഭൂരിപക്ഷമുള്ളയാള്‍ തിരഞ്ഞെടുക്കപ്പെടുകയാണ് വേണ്ടത്. അങ്ങനെയാണെങ്കില്‍ ഭണ്ഡാരിക്കാണ് സാധ്യത. ഇതോടെയാണ് ഇന്ത്യക്കാരന്‍ വരുന്നത് തടയാനുള്ള അവസാന നീക്കം ബ്രിട്ടന്‍ നടത്തിയത്.

യുഎന്‍ രക്ഷാസമിതി സ്ഥിരാംഗത്വം എന്ന ആനുകൂല്യം മുതലെടുത്ത് രക്ഷാസമിതിയുടെയും പൊതുസഭയുടെയും സംയുക്ത യോഗം വിളിക്കാനും വോട്ടെടുപ്പ് അസാധുവാക്കാനുമുള്ള സമ്മര്‍ദ്ദം ബ്രിട്ടന്റെ ഭാഗത്തു നിന്നുണ്ടായിരുന്നു. എന്നാല്‍ വീണ്ടും ഒരു തിരഞ്ഞെടുപ്പിന് കോപ്പു കൂട്ടാന്‍ യുഎന്‍ സെക്യൂരിറ്റി കൗണ്‍സിലിന്റെയും യുഎന്‍ ജനറല്‍ അസംബ്ലിയുടെയും സമയം അപഹരിക്കുന്നത് തെറ്റാണൊണ് പറഞ്ഞ് കൊണ്ട് മത്സരത്തില്‍ നിന്ന് ബ്രിട്ടന്‍ പിന്‍വാങ്ങുകയായിരുന്നു. ഭണ്ഡാരിക്ക് പൊതുസഭയില്‍ ആകെയുള്ള 193 പേരില്‍ 70 അംഗങ്ങളുടെ പിന്തുണയുണ്ടായിരുന്നു. ഗ്രീന്‍വുഡിന് 50 പേരുടെ പിന്തുണ മാത്രമെയുള്ളു. അതേസമയം ഭണ്ഡാരിക്ക് രക്ഷാസമിതിയില്‍ അഞ്ചുവോട്ടും ഗ്രീന്‍വുഡിന് ഒമ്പത് വോട്ടുമാണ് ലഭിച്ചിട്ടുള്ളത്. ബ്രിട്ടന്‍ സ്ഥാനാര്‍ഥിയെ പിന്‍വലിച്ചതോടെ ഐകകണ്ഠ്യേന ഭണ്ഡാരി തിരഞ്ഞെടുക്കപ്പെടുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top