മാനസികാസ്വാസ്ഥ്യമുള്ള ഇന്ത്യന്‍ ഡ്രൈവര്‍ സൗദി പോലിസിന്‍റെ തോക്ക് പിടിച്ചുവാങ്ങി വെടിവച്ചു

മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ച ഒരു ഇന്ത്യന്‍ ഡ്രൈവര്‍ സൗദി പോലിസിന്റെ തോക്ക് പിടിച്ചുവാങ്ങിയത് പരിഭ്രാന്ത്രി സൃഷ്ടിച്ചു. തോക്ക് കൈക്കലാക്കിയ ഇയാള്‍ വെടിയുതിര്‍ത്തുവെങ്കിലും ആര്‍ക്കും പരിക്കില്ല. റിയാദ് നഗരത്തിന് സമീപത്താണ് സംഭവം. മാനസിക വിഭ്രാന്തി പ്രകടിപ്പിച്ച യുവാവ് ആത്മഹത്യാശ്രമം നടത്തിയതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ അറിയിച്ചതനുസരിച്ചായിരുന്നു പോലിസ് ഇയാള്‍ താമസിക്കുന്ന സ്ഥലത്തെത്തിയത്. എന്നാല്‍ പോലിസുകാര്‍ വാഹനത്തില്‍ നിന്ന് ഇറങ്ങുന്നതിന് മുമ്പ് പോലിസ് വാഹനത്തിനു മുകളില്‍ കയറിയ ഇയാള്‍ ബഹളം വയ്ക്കുകയും മൊബൈല്‍ ഫോണില്‍ സെല്‍ഫിയെടുക്കുകയും ചെയ്തു. കുറേസമയം വാഹനത്തിന് മുകളിലിരുന്ന ഇയാള്‍ വാഹനത്തിന് ശക്തിയായി ഇടിക്കുന്നുണ്ടായിരുന്നു. ഏറെ നേരത്തെ കാത്തിരിപ്പിനൊടുവിലാണ് ഇയാള്‍ വാഹനത്തിനു മുകളില്‍ നിന്നിറങ്ങിയത്. ഉടന്‍ തന്നെ പോലിസ് ഇയാളെ കീഴ്‌പ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. കുതറിമാറിയ ഇയാള്‍ പോലിസിനെ ആക്രമിക്കുകയും കുതറിമാറാന്‍ ശ്രമിച്ചു. എല്ലാവരും ചേര്‍ന്ന് ബലമായി പിടിച്ചുപോകുന്നതിനിടയിലാണ് ഇയാള്‍ പോലിസിന്റെ കൈയിലുണ്ടായിരുന്ന തോക്ക് പിടിച്ചുവാങ്ങിയത്. തോക്ക് കൈക്കലാക്കിയ ഇയാള്‍ വെടിയുതിര്‍ത്തുവെങ്കിലും ആര്‍ക്കും പരിക്കേറ്റില്ല. പിന്നീട് കൂടുതല്‍ ആളുകളെത്തിയാണ് ഇയാളെ കീഴടക്കിയത്.

പോലിസെത്തുന്ന സമയത്ത് ഇയാള്‍ ഹിസ്റ്റീരിയ ബാധിച്ച പോലെയായിരുന്നുവെന്ന് പോലിസിന്റെ ഔദ്യോഗിക വക്താവ് അറിയിച്ചു. അതുകൊണ്ടുതന്നെ വളരെ ശ്രദ്ധയോടെയാണ് പോലിസ് ഇടപെട്ടത്. ഇയാള്‍ സ്വയം അപകടം വരുത്തിവയ്ക്കാന്‍ സാധ്യതയുള്ളതിനാലായിരുന്നു ഇത്. മാനസികാസ്വാസ്ഥ്യമുള്ള ഇയാളെ പരിക്കേല്‍പ്പിക്കാതെ പിടികൂടാനായതായും ഉടന്‍ തന്നെ ആവശ്യമായ ചികില്‍സ ലഭ്യമാക്കിയതായും പോലിസ് അറിയിച്ചു. ഇയാള്‍ മാനസിക പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നതായി പരിശോധിച്ച ഡോക്ടര്‍ അറിയിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top