സൗദിയിലെ തൊഴില്‍ നിയന്ത്രണം; ഇന്ത്യന്‍ പ്രവാസികള്‍ കൂട്ടത്തോടെ യു.എ.ഇയിലേക്ക്

സൗദി അറേബ്യയില്‍ പ്രവാസികള്‍ക്ക് തൊഴില്‍ നിയന്ത്രണങ്ങള്‍ വന്നതോടെ ഇന്ത്യന്‍ പ്രവാസികളുടെ ഇഷ്ട കേന്ദ്രം യു.എ.ഇയായി മാറി. ജി.സി.സി രാജ്യങ്ങളിലേക്ക് ഇന്ത്യന്‍ പ്രവാസികള്‍ക്ക് ലഭിച്ച എമിഗ്രേഷന്‍ ക്ലിയറന്‍സുകളുടെ 2017ലെ ആദ്യ പകുതിയിലെ കണക്കുകളാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഇതുവരെ കൂടുതല്‍ ഇന്ത്യന്‍ പ്രവാസികള്‍ക്ക് തൊഴില്‍ നല്‍കിയിരുന്നത് സൗദിയായിരുന്നുവെങ്കില്‍ ഇപ്പോള്‍ ആ സ്ഥാനം യു.എ.ഇയാണ് തട്ടിയെടുത്തിരിക്കുന്നത്- അതും വലിയ വ്യത്യാസത്തില്‍.

ചരിത്രത്തിലാദ്യമായാണ് സൗദിയിലേക്കുള്ള ഇന്ത്യന്‍ പ്രവാസികളുടെ ഒഴുക്ക് കുറയുന്നത്. ഈ വര്‍ഷം ജനുവരി മുതല്‍ ജൂണ്‍ വരെ ഇന്ത്യയില്‍ നിന്ന് ജോലി തേടി ഗള്‍ഫ് നാടുകളിലേക്ക് പോയ 1.84 ലക്ഷം പേരില്‍ 74,778 പേരും പോയത് ദുബയ്, അബൂദബി, ഷാര്‍ജ ഉള്‍പ്പെടെയുള്ള യു.എ.ഇയിലേക്കാണ്. അതായത് 40.6 ശതമാനം പേര്‍. 18 ശതമാനം പേര്‍ മാത്രമാണ് (32,995) സൗദിയിലേക്ക് വിമാനം കയറിയത്. നേരത്തേ സൗദിയും യു.എ.ഇയും കഴിച്ചാല്‍ കുവൈത്തിനായിരുന്നു ഇക്കാര്യത്തില്‍ മൂന്നാം സ്ഥാനം. എന്നാല്‍ പുതിയ കണക്കനുസരിച്ച് കുവൈത്തിനെ പിന്തള്ളി ഒമാന്‍ മൂന്നാമതെത്തി. ആകെ ലഭിച്ച എമിഗ്രേഷന്‍ ക്ലിയറന്‍സുകളില്‍ 16.5 ശതമാനം (30,413) ഒമാനിലേക്കാണ്. സൗദി, യു.എ.ഇ, ഒമാന്‍, കുവൈത്ത് എന്നിവയ്ക്കു പുറമെ ഖത്തറും ബഹ്‌റയ്‌നുമാണ് ഗള്‍ഫ് കോ-ഓപ്പറേഷന്‍ കൗണ്‍ിസിലിലെ (ജി.സി.സി) മറ്റ് രാജ്യങ്ങള്‍.
ഇന്ത്യന്‍ പ്രവാസികളെക്കുറിച്ചുള്ള പുതിയ കണക്കുകളിലെ ഏറ്റവും അല്‍ഭുതകരമായ വസ്തുത ബിഹാറില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ പേര്‍ ഗള്‍ഫ് നാടുകളിലേക്ക് ഈ വര്‍ഷം പോയത് എന്നതാണ്- 35,807 പേര്‍ (19.5 ശതമാനം). നേരത്തേ ഒന്നാം സ്ഥാനത്തായിരുന്ന യു.പിയില്‍ നിന്ന് ഇത്തവണ പോയത് 33,043 പേരാണ് (18 ശതമാനം). 2015ലെ കണക്കുകളനുസരിച്ച് 7.58 ലക്ഷം പേരായിരുന്നു യു.പിയില്‍ നിന്ന് ഗള്‍ഫ് നാടുകളിലേക്ക് ചേക്കേറിയത്. ആകെ പ്രവാസികളുടെ 31 ശതമാനം വരുമായിരുന്നു ഇത്. ബിഹാറില്‍ നിന്നുള്ള പ്രവാസികളുടെ എണ്ണം ആകെയുള്ളതിന്റെ 14 ശതമാനം മാത്രമായിരുന്നു. സൗദിയായിരുന്നു ഉത്തര്‍ പ്രദേശുകാരുടെ ഇഷ്ടകേന്ദ്രം. ഇവിടേക്കുള്ള പ്രവാസികളുടെ എണ്ണം കുത്തനെ കുറഞ്ഞതാണ് സൗദിക്ക് ഒന്നാം സ്ഥാനം നഷ്ടമാവാന്‍ കാരണം. 2015ല്‍ സൗദിയിലെ 3.06 ലക്ഷം ഇന്ത്യക്കാരില്‍ 42 ശതമാനം പേരും യു.പിക്കാരായിരുന്നു. ഇപ്പോഴത് വെറും 3.5 ശതമാനമായി കുറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള ഇന്ത്യക്കാരുടെ ഒഴുക്ക് കുറഞ്ഞുവരുന്നതായാണ് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്. 2015ല്‍ 5.07 ലക്ഷം പേരായിരുന്നു ഗള്‍ഫ് നാടുകളിലേക്ക് ഇന്ത്യയില്‍ നിന്ന് ചേക്കേറിയത്. 2014ലേതിനെ അപേക്ഷിച്ച് 33 ശതമാനം കുറവായിരുന്നു അത്. ഈ വര്‍ഷം 1.84 ലക്ഷം പേര്‍ മാത്രമാണ് ജൂണ്‍ വരെ ഇവിടേക്ക് വിമാനം കയറിയത്. ഗള്‍ഫ് പ്രവാസികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടായതായാണ് ഇത് സൂചിപ്പിക്കുന്നത്.

ഇപ്പോഴും ഏറ്റവും കൂടുതല്‍ ഗള്‍ഫ് പ്രവാസികള്‍ മലയാളികളാണെന്നാണ് പൊതുവെയുള്ള ധാരണ. അതൊക്കെ പണ്ട് എന്നാണ് പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നത്. 2008ല്‍ ഇന്ത്യയില്‍ നിന്ന് പോയ അഞ്ച് പ്രവാസികളിലൊരാള്‍ കേരളക്കാരനായിരുന്നു. എന്നാല്‍ ഇപ്പോള്‍ സ്ഥിതി മാറി. 2016ല്‍ ഇരുപതില്‍ ഒരാളായി അത് കുറഞ്ഞു. ആഗോള സാമ്പത്തിക പ്രതിസന്ധി മലയാളിക്ക് വലിയ തിരിച്ചറിവ് നല്‍കിയെന്നാണ് ഇതില്‍ നിന്ന് വിലയിരുത്തപ്പെടുന്നത്. പ്രവാസികളുടെ എണ്ണത്തില്‍ 2015 മുതല്‍ എട്ടാം സ്ഥാനത്താണ് കേരളം. 2016ല്‍ 24,962 മലയാളികളാണ് ഗള്‍ഫിലേക്ക് പോയത്. ഇന്ത്യന്‍ പ്രവാസികളുടെ വെറും 4.9 ശതമാനം. 2017ന്റെ ആദ്യ പകുതിയില്‍ 8,995 മലയാളികള്‍ ഗള്‍ഫിലേക്ക് വിമാനം കയറിയിട്ടുണ്ട്.

Top