ദുബായ് : തന്നെ വിവാഹം ചെയ്തില്ലെങ്കില്‍ കുടുംബത്തെയൊന്നടങ്കം കൊലപ്പെടുത്തുമെന്ന് യുവതിയെ ഭീഷണിപ്പെടുത്തിയ കേസില്‍ ഇന്ത്യക്കാരന് 3 മാസം തടവ് ശിക്ഷ. മറ്റൊരാളെ വിവാഹം കഴിച്ചാല്‍ യുവതിയെയും കുടുംബത്തെയും കൊലപ്പെടുത്തുമെന്നാണ് ദുബായിലെ ഒരു കമ്പനിയുടെ മാനേജരായ ഇയാള്‍ ഇന്ത്യന്‍ പെണ്‍കുട്ടിക്ക് നേരെ ഭീഷണി മുഴക്കിയത്. ആദ്യം ഇരയാവുക യുവതിയുടെ അമ്മയായിരിക്കുമെന്നും പിന്നീട് ഓരോരുത്തരെയായി കൊലപ്പെടുത്തുമെന്നും 35 കാരന്‍ ഭീഷണിപ്പെടുത്തിയിരുന്നു. ദുബായ് ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. ശിക്ഷ പൂര്‍ത്തിയായാല്‍ ഇയാളെ നാടുകടത്തും. ഇയാള്‍ പെണ്‍കുട്ടിക്ക് അയച്ച സന്ദേശങ്ങളുള്‍പ്പെടെ തെളിവായി പരിഗണിച്ചാണ് കോടതി നടപടി. ആറുമാസം മുന്‍പാണ് കേസിന് ആസ്പദമായ സംഭവങ്ങളുടെ തുടക്കം. യുവതി തന്റെ ബയോഡാറ്റ ലിങ്ക്ഡിന്‍ വഴി ഇയാള്‍ക്ക് കൈമാറിയിരുന്നു. ഇത് മുതല്‍ പെണ്‍കുട്ടിയെ ഇഷ്ടമായെന്നും വിവാഹം കഴിക്കാന്‍ താല്‍പ്പര്യമുണ്ടെന്നും ഇയാള്‍ ആവര്‍ത്തിച്ചുകൊണ്ടിരുന്നു. എന്നാല്‍ യുവതി മറ്റൊരു കമ്പനിയുടെ ഹ്യൂമന്‍ റിസോഴ്‌സ് അസിസ്റ്റന്റ് മാനേജരായി തെരഞ്ഞെടുക്കപ്പെട്ടു. പക്ഷേ അപ്പോഴും ഇയാള്‍ പെണ്‍കുട്ടിയെ വിടാന്‍ ഒരുക്കമായിരുന്നില്ല. വാട്‌സ്ആപ്പ്, ഫെയ്‌സ്ബുക്ക് എന്നിവയ്ക്ക് പുറമെ ഇ മെയിലിലൂടെയും നിരന്തരം സന്ദേശങ്ങളയച്ച് ഇയാള്‍ ശല്യം തുടര്‍ന്നു. അതിനിടെ സെപ്റ്റംബര്‍ 7 ന് ഇയാള്‍ യുവതിയുടെ ജോലി സ്ഥലത്തെത്തി ഭീഷണിപ്പെടുത്തി. താമസിക്കുന്ന സ്ഥലം എളുപ്പത്തില്‍ കണ്ടെത്താന്‍ തനിക്ക് സാധിക്കുമെന്നും മോശം സംഭവങ്ങളാണ് ഇനി വരാനിരിക്കുന്നതെന്നുമായിരുന്നു ഉള്ളടക്കം. തുടര്‍ന്ന് വധഭീഷണിയും ഇയാളില്‍ നിന്നുണ്ടായി. ഇതോടെ പെണ്‍കുട്ടി അല്‍ റാഷിദിയ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. അന്വേഷണത്തില്‍ ഇയാള്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തി അറസ്റ്റ് ചെയ്തു. തുടര്‍ന്ന് വിചാരണ നടത്തി ശിക്ഷ വിധിക്കുകയായിരുന്നു. അതേസമയം പ്രതിക്ക് 15 ദിവസത്തിനുള്ളില്‍ മേല്‍ക്കോടതിയില്‍ അപ്പീല്‍ നല്‍കാം.