യുവതിയുടെ കുളിമുറി ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയ 21 കാരനായ പ്രവാസിക്ക് ദുബായില്‍ ജയില്‍ശിക്ഷ

ദുബായ് : 28 കാരിയുടെ കുളിമുറി ദൃശ്യങ്ങള്‍ പകര്‍ത്തിയ 21 കാരന് ദുബായില്‍ തടവുശിക്ഷ. ഫിലിപ്പെയ്ന്‍ യുവതിയുടെ കുളിമുറി ദൃശ്യങ്ങള്‍ ഇന്ത്യന്‍ യുവാവ് മൊബൈലില്‍ ചിത്രീകരിക്കുകയായിരുന്നു. മൂന്ന് മാസത്തെ തടവ് ശിക്ഷയാണ് ദുബായ് ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതി വിധിച്ചത്. ശിക്ഷ പൂര്‍ത്തിയായാല്‍ ഇയാളെ നാടുകടത്തും. യുവതി ജോലിയെടുക്കുന്ന കമ്പനിയുടെ മറ്റൊരു ശാഖയില്‍ ഓഫീസ് അസിസ്റ്റന്റായിരുന്നു ഇന്ത്യക്കാരനായ യുവാവ്. ഇയാള്‍ സ്ത്രീയുടെ കുളിമുറിയുടെ ചുവരില്‍ ദ്വാരമുണ്ടാക്കി മൊബൈല്‍ ക്യാമറ ഉപയോഗിച്ച് യുവതി കുളിക്കുമ്പോള്‍ ദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്നു.  സ്വന്തം കുളിമുറിയിലുള്ള ചെറിയ ജനല്‍ വഴി കയറിയാണ് ഫിലിപ്പെയ്ന്‍ യുവതിയുടെ ദൃശ്യങ്ങള്‍ ചിത്രീകരിച്ചത്. അര്‍ധരാത്രിയിലായിരുന്നു സംഭവം. 2017 ഒക്ടോബര്‍ 10 നാണ് യുവതി ഇതുസംബന്ധിച്ച് പരാതി നല്‍കിത്. ഇതോടെ ഇയാളെ അല്‍ റഫ പൊലീസ് അറസ്റ്റ് ചെയ്യുകയും വിചാരണ നടപടികള്‍ പൂര്‍ത്തിയാക്കുകയുമായിരുന്നു.  യുവതി കുളിച്ചുകൊണ്ടിരിക്കെ, പിന്നിലെ ചുവരിന്റെ ദ്വാരത്തിലൂടെ ആരോ മൊബൈല്‍ ഉപയോഗിക്കുന്നത് കണ്ണാടിയില്‍ കാണുകയായിരുന്നു. തുടര്‍ന്ന് ഒച്ചവെച്ച യുവതി സുഹൃത്തുക്കളുടെ സഹായത്തോടെ ഇയാളെ പിടികൂടി. എന്നാല്‍ പിടിക്കപ്പെടുമെന്ന് തോന്നിയ നിമിഷം ഇയാള്‍ ദൃശ്യങ്ങള്‍ നീക്കം ചെയ്തിരുന്നു. താന്‍ ചിത്രീകരിച്ചിട്ടില്ലെന്ന് ഇയാള്‍ വാദിച്ചെങ്കിലും പൊലീസിനെ വിളിക്കുമെന്ന് പറഞ്ഞപ്പോള്‍ സത്യം വെളിപ്പെടുത്തി. മുന്‍പ് മൂന്ന് തവണ ഇത്തരത്തില്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയിട്ടുണ്ടെന്നും ഇയാള്‍ പറഞ്ഞു. ആ ദൃശ്യങ്ങളെല്ലാം ഫോണില്‍ നിന്ന് നീക്കം ചെയ്തിട്ടുണ്ടെന്നും വ്യക്തമാക്കി. എന്നാല്‍ യുവതി പരാതിയില്‍ തന്നെ ഉറച്ചുനിന്നു. ഇതോടെ, ഇയാള്‍ക്കെതിരെ സ്വകാര്യതയിലേക്ക് ഒളിഞ്ഞുനോക്കല്‍,വനിതകളെ അപമാനിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തി നിയമനടപടികള്‍ സ്വീകരിക്കുകയായിരുന്നു.

Top