ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ കോണ്‍കോഴ്‌സ് ഡിയില്‍ ആഗസ്ത് 15ന് നടന്ന ഡ്യൂട്ടി ഫ്രീ മിലേനിയം മില്യനെയര്‍ നറുക്കെടുപ്പില്‍ പ്രവാസി ഇന്ത്യക്കാരന് 10 ലക്ഷം ഡോളര്‍ സമ്മാനം.
ബ്രോണ്‍വിന്‍സ് എസ് മുന്‍സ് എന്ന ഇന്ത്യക്കാരനാണ് 6.4 കോടിയോളം സമ്മാനമായി ലഭിച്ചത്. ഇദ്ദേഹത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. ഇദ്ദേഹം എടുത്ത 3484 നമ്പര്‍ ടിക്കറ്റാണ് ഭാഗ്യം കൊണ്ടുവന്നത്.
3963 നമ്പര്‍ ടിക്കറ്റെടുത്ത ജപ്പാന്‍ സ്വദേശി ടൊമൊയുകി കവാനയാണ് മറ്റൊരു കോടീശ്വരന്‍. ഈ സമ്മാനത്തിന് അര്‍ഹനാവുന്ന ആദ്യ ജപ്പാന്‍കാരന്‍ കൂടിയാണിദ്ദേഹം.
ഫൈനെസ്റ്റ് സര്‍പ്രൈസ് വിഭാഗത്തില്‍ നടന്ന നറുക്കെടുപ്പില്‍ സ്വാതന്ത്ര്യം ആഘോഷിക്കുന്ന അയല്‍രാജ്യങ്ങളായ പാകിസ്താന്‍, ഇന്ത്യന്‍ സ്വദേശികള്‍ക്ക് ഒന്നും രണ്ടും സമ്മാനങ്ങള്‍ ലഭിച്ചു.
മുസമ്മില്‍ എന്‍ എന്ന പാക്കിസ്താന്‍കാരന് ആസ്റ്റന്‍ മാര്‍ട്ടിന്‍ റാപിഡ് കാറാണ് സമ്മാനമായി ലഭിച്ചത്. പ്രൊമോഷന്‍ നറുക്കെടുപ്പില്‍ സ്ഥിരമായി പങ്കെടുക്കാറുള്ള ഇദ്ദേഹം എടുത്ത 1705 നമ്പര്‍ ടിക്കറ്റില്‍ വിലകൂടിയ കാര്‍ അടിക്കുകയായിരുന്നു.
അപ്രതീക്ഷിതമായി ലഭിച്ച സ്വാതന്ത്ര്യദിന സമ്മാനമായാണ് താന്‍ ഇതിനെ കണക്കാക്കുന്നതെന്ന് മുസമ്മില്‍ പറഞ്ഞു.
ഒമാനില്‍ താമസിക്കുന്ന മലയാളിയായ സഹീര്‍ എ ആശാരിക്കണ്ടിക്ക് ബി.എം.ഡബ്ല്യു എസ് 1000 ആര്‍ മോട്ടോര്‍ ബൈക്കാണ് സ്വാതന്ത്ര്യദിനത്തില്‍ സമ്മാനമായി ലഭിച്ചത്.
35കാരനായ ഇദ്ദേഹം ദുബയ് വിമാനത്താവളത്തില്‍ നിന്ന് തന്നെയെടുത്ത 952 നമ്പര്‍ ടിക്കറ്റിലായിരുന്നു ഇത്.