ജക്കാര്‍ത്ത: ഇന്‍ഡോനീഷ്യന്‍ ദ്വീപായ സുലവേസിയിലുണ്ടായ ശക്തമായ ഭൂചലനത്തിന് പിന്നാലെ സുനാമി. ഭൂചലനത്തെ തുടര്‍ന്നുണ്ടായ സൂനാമി വന്‍നാശം വിതച്ചെന്ന് റിപ്പോര്‍ട്ട്. സുലവേസി തീരത്തേക്ക് സുനാമി തിരമാലകള്‍ അടിക്കുന്ന ദൃശ്യങ്ങള്‍ ഇന്‍ഡോനീഷ്യന്‍ ടിവി പുറത്തുവിട്ടു.
രണ്ട് മീറ്റര്‍ ഉയരത്തില്‍ വരെ തിരമാലകള്‍ ഉയര്‍ന്നതായി ബി.ബി.സി റിപ്പോര്‍ട്ടു ചെയ്യുന്നു. അഞ്ചുപേര്‍ മരിച്ചതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഈ മരണങ്ങള്‍ സുനാമി മൂലമാണോ എന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല. ഭൂചലനത്തെത്തുടര്‍ന്ന് സുനാമി മുന്നറിയിപ്പ് നല്‍കിയ സര്‍ക്കാര്‍ പിന്നീട് അത് പിന്‍വലിച്ചിരുന്നു.
റിക്ടര്‍ സ്‌കെയിലില്‍ 7.5 തീവ്രതയുള്ള ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം സുലവേസിയിലെ ഡൊങ്കാല പട്ടണത്തിന് 56 കിലോമീറ്റര്‍ അകലെ 10 കിലോമീറ്റര്‍ താഴെ ഭൂമിക്കടിയിലാണ്. മൂന്നു ലക്ഷം ജനസംഖ്യയുള്ള ഡൊങ്കാലയില്‍ വെള്ളിയാഴ്ച രാവിലെ ആറിന് ആയിരുന്നു ആദ്യ ഭൂചലനം.
വൈകാതെ സമാന തീവ്രതയുള്ള ഭൂചലനം ഡൊങ്കാലയിലും പാലുവിലും അനുഭവപ്പെട്ടു. ഫിലീപ്പീന്‍സിന് അടുത്തുകിടക്കുന്ന പ്രദേശത്താണു ഭൂചലനമുണ്ടായത്. ഇവിടെ ഒരുപാടു മലയാളികളും ഉണ്ടെന്നാണു വിവരം. ആദ്യ ഭൂചലനം ഉണ്ടായപ്പോള്‍ തന്നെ സൂനാമി മുന്നറിയിപ്പു നല്‍കിയെങ്കിലും പിന്നീട് അതു പിന്‍വലിച്ചിരുന്നു. എന്നാല്‍ മുന്നറിയിപ്പ് പിന്‍വലിച്ച് അധികം കഴിയും മുന്‍പേ സൂനാമി ആഞ്ഞടിച്ചു.
മൂന്നര ലക്ഷം ജനസംഖ്യയുള്ള പാലു പട്ടണത്തിലാണ് സൂനാമിത്തിരകള്‍ ആഞ്ഞടിച്ചത്. നാശനഷ്ടം സംബന്ധിച്ച് കൃത്യമായ വിവരം ലഭ്യമായിട്ടില്ല. ഭൂചലനം നിരന്തരം നാശം വിതയ്ക്കുന്ന രാജ്യമാണ് ഇന്തൊനീഷ്യ.
2004 ഡിസംബര്‍ 26ന് പശ്ചിമ ഇന്തൊനീഷ്യയിലെ സുമാത്രയില്‍ 9.1 തീവ്രതയുള്ള ഭൂചലനത്തെ തുടര്‍ന്നുണ്ടായ സൂനാമിയില്‍ വിവിധ രാജ്യങ്ങളിലായി 2,30,000 പേര്‍ കൊല്ലപ്പെട്ടിരുന്നു. 2006ല്‍ യോഗ്യാകര്‍ത്തായില്‍ ഉണ്ടായ 6.3 തീവ്രതയുള്ള ഭൂചലനത്തില്‍ 6000 പേര്‍ കൊല്ലപ്പെട്ടു. ഈ വര്‍ഷം ലോംബോക്കിലുണ്ടായ ഭൂചലനത്തില്‍ 550 പേര്‍ കൊല്ലപ്പെട്ടു.