വീടിനു വെളിയില്‍ സൈക്കിളുമായി കളിക്കുകയായിരുന്നു സൈരാങ്ക് എന്ന ബാലന്‍. വീട് മിസോറാമിലാണ്. സൈക്കിള്‍ ചവിട്ടുന്നതിനിടെ ഒരു കോഴിക്കുഞ്ഞിന്റെ മുകളിലൂടെ ടയര്‍ കയറി. സങ്കടം സഹിക്കവയ്യാതെ സൈരങ്ക് കോഴിക്കുഞ്ഞിനെയും ഒരു കൈയില്‍ പത്തുരൂപയുടെ നോട്ടുമായി ആശുപത്രിയിലേക്ക് പാഞ്ഞു. എങ്ങനെയെങ്കിലും ആ കോഴിയെ രക്ഷിക്കണം- ആശുപത്രി അധികൃതരോട് കരഞ്ഞു കൊണ്ട് അവന്‍ പറഞ്ഞു.
ആ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറല്‍. ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്യപ്പെട്ട ചിത്രം വളരെ പെട്ടെന്നാണ് വൈറലായത്. ഈ കുഞ്ഞിനെ പോലെ എല്ലാവരും ചിന്തിച്ചിരുന്നുവെങ്കില്‍ ലോകം എത്രമേല്‍ നല്ലതായിരുന്നേനെ എന്നാണ് ഭൂരിഭാഗം പേരും പ്രതികരിച്ചിരിക്കുന്നത്.
ഈ കുട്ടിയുടെ മുഖവും അവന്റെ കാരുണ്യം നിറഞ്ഞ പ്രവര്‍ത്തിയും തന്നെ ഇരുത്തി ചിന്തിപ്പിച്ചെന്ന് മറ്റൊരാള്‍ കമന്റ് ചെയ്തു. സിനിമ, രാഷ്ട്രീയ രംഗത്തെ പ്രമുഖരും ഈ ചിത്രം ഷെയര്‍ ചെയ്തിട്ടുണ്ട്. കേരളത്തില്‍ നിന്നടക്കം കുരുന്നുകള്‍ക്കു നേരെ വലിയതോതിലുള്ള അതിക്രമങ്ങള്‍ നടക്കുന്ന കാലത്തു തന്നെയാണ് ഇതുപോലെ മനസിന് കുളിര്‍മ പകരുന്ന വാര്‍ത്ത വരുന്നത്. ഫേസ്ബുക്കില്‍ ഈ ചിത്രം ആദ്യം പോസ്റ്റ് ചെയ്ത സംഗ എന്നയാളുടെ പോസ്റ്റ് ഇതുവരെ 66,000ത്തോളം പേരാണ് ഷെയര്‍ ചെയ്തത്. 89,000ത്തിലധികം ആളുകള്‍ ലൈക് ചെയ്യുകയും ചെയ്തു.