ഇര്‍മ കൊടുങ്കാറ്റിനെ ഒരാഘോഷമാക്കി മാറ്റിയിരിക്കുകയാണ് ഐസിസ്. ‘അള്ളാഹുവിന്റെ പടയാളി’ എന്നാണ് ഇര്‍മയെ ഐസിസ് വിശേഷിപ്പിക്കുന്നത്. ഈ ആശയം പ്രചരിപ്പിക്കാന്‍ സോഷ്യല്‍ മീഡിയയും തിരഞ്ഞെടുത്തിട്ടുണ്ട്. അമേരിക്കന്‍ തീരങ്ങളില്‍ ഉഗ്രശേഷിയോടെ ആഞ്ഞടിച്ച ഹാര്‍വി ചുഴലിക്കാറ്റിനു തൊട്ടുപിന്നാലെയാണ് ഇര്‍മയെത്തുന്നത്. കരീബിയന്‍ ദ്വീപുകളില്‍ ആഞ്ഞടിച്ച ഇര്‍മ 19 പേരുടെ ജീവനെടുക്കുകയും വന്‍ നാശനഷ്ടങ്ങള്‍ ഉണ്ടാക്കുകയും ചെയ്തിരുന്നു. ഇര്‍മ കൊടുങ്കാറ്റിനെ ദൈവം അയച്ചതാണെന്നാണ് ഐസിസ് പറയുന്നത്. ഹൂസ്റ്റണിലെ വെള്ളപ്പൊക്കത്തിന്റെയും കരീബിയയിലെ തകര്‍ന്ന കെട്ടിടങ്ങളുടെയും ഫ്‌ളോറിഡയിലെ പലായനത്തിന്റെയും ചിത്രങ്ങളുപയോഗിച്ചാണ് ഐസിസിന്റെ ആശയപ്രചരണം. ട്വിറ്ററിലെ ഐസിസിന്റെ അക്കൗണ്ടുകളിലൊന്നിന്റെ പേരു പോലും ഇര്‍മ എന്നാക്കിയിട്ടുണ്ട്. ഇതുവരെ കാണാത്ത തരത്തിലുള്ള കൊടുങ്കാറ്റാണ് ഇര്‍മയെന്നും ഇര്‍മ മറ്റൊരു സെപ്റ്റംബര്‍ 11 ആയിരിക്കും അമേരിക്കക്ക് സമ്മാനിക്കുകയെന്നും ഐസിസ് പറയുന്നു. കോസ്റ്റ് ഗാര്‍ഡും , മറ്റ് ദുരന്ത നിവാരണ സംവിധാനങ്ങളും മികച്ച രീതിയില്‍ ഇര്‍മയെ പ്രതിരോധിക്കാന്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സര്‍ക്കാരിന്റെ ഭാഗത്തു നിന്നു എന്തു സഹായവും നല്‍കുമെന്ന് വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ് അറിയിച്ചു. ജനങ്ങളുടെ ജീവന്‍ രക്ഷിക്കുകയാണ് ഇപ്പോള്‍ സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും അറിയിച്ചു. മണിക്കൂറില്‍ 209 മുതല്‍ 251 കിലോമീറ്റര്‍ വരെ ആഞ്ഞടിക്കാന്‍ ശേഷിയുള്ളതാണ് കാറ്റഗറി 4 ല്‍ പെട്ട കൊടുങ്കാറ്റുകള്‍. കാറ്റഗറി 5ല്‍ പെട്ട കാറ്റുകള്‍ മണിക്കൂറില്‍ 252 കിലോമീറ്റര്‍ വേഗതക്കു മുകളില്‍ ആഞ്ഞടിക്കും. ഇര്‍മ ഇപ്പോള്‍ കാറ്റഗറി 5ല്‍ എത്തിയിട്ടുണ്ട്. കരീബിയന്‍ ദ്വീപുകളില്‍ വന്‍നാശനഷ്ടം വിതച്ച ശേഷമാണ് ഇര്‍മ ഫ്‌ളോറിഡ തീരത്തെത്തുന്നത്. ഇര്‍മയില്‍ നിന്നും രക്ഷനേടാന്‍ ഫ്ളോറിഡയില്‍ നിന്നും ഇതിനോടകം 56 ലക്ഷം ആളുകളെ ഒഴിപ്പിച്ചെന്നാണ് റിപ്പോര്‍ട്ട്. അമേരിക്കന്‍ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കൂട്ടപലായനങ്ങളിലൊന്നാണിതെന്നും വിലയിരുത്തപ്പെടുന്നു.
ഇര്‍മ ‘അള്ളാഹുവിന്‍റെ പടയാളിയെന്ന് ഐസിസ്
Tags: irma and is