മുതല വേട്ടക്കാരൻ എന്ന പേരിലറിയപ്പെട്ടിരുന്ന ഓസ്ട്രേലിയൻ ജന്തുശാസ്ത്രജ്ഞനും ടെലിവിഷൻ അവതാരകനുമായിരുന്നു സ്റ്റീവ് ഇർവിൻ. ആനിമൽ പ്ലാനറ്റ് എന്ന ചാനലിൽ സംപ്രേഷണം ചെയ്ത അദ്ദേഹത്തിന്റെ ക്രോക്കഡൈൽ ഹണ്ടർ എന്ന വന്യജീവി ഡോക്യുമെന്ററി പരന്പര ലോകശ്രദ്ധ നേടിയിരുന്നു. എന്നാൽ, 2006ൽ ഒരു ടെലിവിഷൻ പരിപാടിയുടെ ചിത്രീകരണത്തിനിടെ തെരണ്ടി മത്സ്യത്തിന്റെ കുത്തേറ്റ് ഇർവിൻ മരണമടഞ്ഞു. ആനിമൽ പ്ലാനറ്റ് എന്ന ചാനലിന്റെ വളർച്ചയിൽ ഇർവിനും മുഖ്യപങ്കുണ്ട്. അദ്ദേഹത്തിന്റെ മരണശേഷം ആനിമൽ പ്ലാനറ്റിൽനിന്ന് ഇർവിൻ കുടുംബം വിട്ടുനിൽക്കുകയായിരുന്നു. മറ്റു ചാനലുകളിൽ ഭാര്യ ടെറിയും മക്കളായ ബിൻഡിയും റോബർട്ടും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. സ്റ്റീവ് ഇർവിൻ മരിച്ച് 11 വർഷത്തിനു ശേഷം ഭാര്യയും മക്കളും ആനിമൽ പ്ലാനറ്റിനുവേണ്ടി പുതിയൊരു വന്യജീവി ഡോക്യുമെന്ററി പരന്പരയുടെ അണിയറയിലാണ്. ഇർവിന്റെ സ്മരണാർഥം നിർമിക്കുന്ന ഈ ഡോക്യുമെന്ററി അടുത്ത വർഷം മുതൽ ആനിമൽ പ്ലാനറ്റിൽ സംപ്രേഷണം ചെയ്തുതുടങ്ങും. ഇർവിൻ തുടങ്ങിവച്ച ഓസ്ട്രേലിയ സൂ എന്ന സ്ഥാപനത്തിന്റെ മൃഗസംരക്ഷണ പദ്ധതികളെല്ലാം ഭാര്യയും മക്കളും മുന്നോട്ടു കൊണ്ടുപോകുന്നുണ്ട്. വന്യമൃഗങ്ങളുടെ ആവാസവ്യവസ്ഥയിലേക്ക് യാതൊരു പേടിയുമില്ലാതെ കടന്നു ചെല്ലുകയും അവയോട് അടുത്തിടപെടുകയും ചെയ്യുന്നതായിരുന്നു ഇർവിന്റെ ടെലിവിഷൻ പരിപാടികൾ. ഇതിനോടു സാമ്യമുള്ളതാകും അദ്ദേഹത്തിന്റെ ഭാര്യയും മക്കളും ഉൾപ്പെടുന്ന പരിപാടിയെന്നാണ് ഇർവിന്റെ ആരാധകരുടെ പ്രതീക്ഷ.