റാഖ: ഐസിനെതിരെയുള്ള മാധ്യമ യുദ്ധത്തെ നേരിടാന്‍ മുസ്ലീങ്ങള്‍ ടെലിവിഷന്‍ സെറ്റുകള്‍ തകര്‍ക്കണമെന്ന് ഐഎസ് തീവ്രവാദികളുടെ ആഹ്വാനം. വിശ്വാസങ്ങളെ തകര്‍ക്കാനും ഉപദേശങ്ങളെ മലിനപ്പെടുത്താനും ശ്രമിക്കുന്ന ചാനലുകളെ പ്രതിരോധിക്കാന്‍ മുസ്‌ലിങ്ങള്‍ സാറ്റലൈറ്റ് ടെലിവിഷന്‍ സെറ്റുകള്‍ തകര്‍ക്കണമെന്ന് ഇസ്‌ലാമിക് സ്റ്റേറ്റിന്റെ ആഹ്വാനം. ടെലഗ്രാമിലൂടെ പുറത്തുവിട്ട വീഡിയോയിലാണ് സാറ്റലൈറ്റ് ടെലിവിഷനുകള്‍ തകര്‍ക്കാന്‍ ഐഎസ് ആഹ്വാനം നല്‍കിയിട്ടുള്ളത്.
ഐഎസ് ശക്തി കേന്ദ്രങ്ങളായ റാക്ക, സിറിയ, ഫലൂജ, പടിഞ്ഞാന്‍ ബാഗ്ദാദ് എന്നിവിടങ്ങളില്‍ നേരിടുന്ന ആക്രമണങ്ങള്‍ക്കൊപ്പം സൈനിക സമ്മര്‍ദം വര്‍ധിച്ചതായും ഐഎസ് വ്യക്തമാക്കുന്നു. ഇസ്‌ലാമിന്റെ ശത്രുക്കള്‍ ഇസ്‌ലാമിക് സ്റ്റേറ്റില്‍ മാധ്യമ യുദ്ധം നടത്തുകയാണ്. അതു സൈനിക പ്രവര്‍ത്തനങ്ങള്‍ പോലെ തന്നെ അപകടകരമാണെന്നും ഐഎസ് വീഡിയോയില്‍ പറയുന്നു.
സൗദി അറേബ്യയുടെ ഉടമസ്ഥതയിലുള്ള മത ചാനലുകളുടേയും അല്‍ ജസീറ, സിറിയന്‍ എതിര്‍കക്ഷികളോടു അനുഭാവമുള്ള ഒറിയന്റ് ടിവി, ഈജിപ്ഷ്യന്‍ ചാനല്‍ അല്‍ നാസ് തുടങ്ങിയ ചാനലുകളുടേയും ലോഗോയും വീഡിയോയില്‍ കാണിക്കുന്നുണ്ട്. വീഡിയോയുടെ ഒടുവില്‍ ഒരുകൂട്ടം ആളുകള്‍ സാറ്റലൈറ്റ് ഡിഷ് അടിച്ചുനശിപ്പിക്കുന്നതാണ് ചിത്രീകരിച്ചിരിക്കുന്നത്. വീഡിയോ റാക്കയില്‍ ചിത്രീകരിച്ചതാണെന്നാണ് കരുതുന്നത്.