അമേരിക്കയില്‍ അടുത്തിടെ നടന്ന ലാസ് വേഗാസിലുണ്ടായ വെടിവെപ്പിന് സമാനമായ അക്രമങ്ങള്‍ ഇന്ത്യയിലെ വിവിധയിടങ്ങളില്‍ അഴിച്ചു വിടുമെന്ന് ഐഎസ് ഭീഷണി. തൃശ്ശൂര്‍ പൂരവും കുംഭമേളയും ആക്രമിക്കുമെന്നും ഐഎസ് പുറത്തു വിട്ടിട്ടുള്ള 10 മിനിട്ടുള്ള ശബ്ദ സന്ദേശത്തില്‍ പറയുന്നു. പുരുഷ ശബ്ദത്തില്‍ മലയാളത്തിലാണ് സന്ദേശം എത്തിയിരിക്കുന്നതെന്നാണ് വിവരം. ഖുറാനില്‍ നിന്നുള്ള വചനങ്ങളും സന്ദേശത്തില്‍ ഉദ്ധരിച്ചിട്ടണ്ട്. അഫ്ഗാനിസ്ഥാനില്‍ നിന്ന് ടെലിഗ്രാം മെസഞ്ചറിലൂടെയുള്ള ശബ്ദ സന്ദേശമാണ് ലഭിച്ചിരിക്കുന്നതെന്ന് കേരളാ പോലീസ് വൃത്തങ്ങള്‍ പറയുന്നു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കാസര്‍കോട്ടു നിന്നും ഐഎസില്‍ ചേരാനായി പോയ റഷീദ് അബുദുള്ള എന്നയാളുടേതാണ് ശബ്ദമെന്നാണ് പ്രാഥമിക നിഗമനം. വാട്സാപ്പ്, ടെലിഗ്രാം ഉള്‍പ്പെടെയുള്ള സമൂഹ മാധ്യമങ്ങളില്‍ നിന്നായി 300 ഓളം ശബ്ദ സന്ദേശങ്ങള്‍ അന്വേഷണത്തിന്റെ ഭാഗമായി ശേഖരിച്ചിട്ടുണ്ട്. ഐഎസിന്റേതായി പുറത്തു വരുന്ന 50 മത്തെ ശബ്ദസന്ദേശമാണ് ഇതെന്നാണ് വിവരം. രാജ്യത്തിന്റെ വിവിധ ഇടങ്ങളില്‍ തങ്ങള്‍ ഇത്തരം ആക്രമണങ്ങള്‍ നടത്തിയിട്ടുണ്ടെന്നും ലാസ്വേഗല്‍സില്‍ തങ്ങള്‍ക്ക് ഒരു അനുയായിയെ നഷ്ടമായെന്നും സന്ദേശത്തില്‍ പറയുന്നുണ്ട്.