വടക്കന്‍ ഇറാഖില്‍ ഐ.എസ് ഭീകരര്‍ കൊന്നുതള്ളിയവരുടേതെന്ന് കരുതുന്ന 400ലേറെ മൃതദേഹങ്ങളടങ്ങിയ കൂട്ടക്കുഴിമാടം കണ്ടെത്തി. ജയില്‍ യൂനിഫോം അണിഞ്ഞ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. കിര്‍ക്കുക്കിന് പടിഞ്ഞാറുള്ള ഐ.എസ് ശക്തികേന്ദ്രമായിരുന്ന ഹവിജയിലെ റഷാദ് വ്യോമതാവളത്തിന് സമീപത്തായിട്ടാണ് 400ലേറെ പേരെ ഒന്നിച്ച് ഒരു കുഴിയില്‍ അടക്കം ചെയ്തതായി കണ്ടെത്തിയത്. കഴിഞ്ഞ ഒക്ടോബറിലാണ് ഐ.എസ്സില്‍ നിന്ന് ഇറാഖ് സേന ഈ പ്രദേശം പിടിച്ചെടുത്തത്. ഇറാഖിലെ അവസാനത്തെ അവരുടെ ശക്തികേന്ദ്രമായിരുന്നു ഹവിജ. ഹവിജയ്ക്ക് തെക്ക് 30 കിലോമീറ്റര്‍ മാറി സ്ഥിതി ചെയ്യുന്ന റശാദ് വ്യോമതാവളം ഐ.എസ്സിന്റെ പരിശീലനങ്ങള്‍ക്കും ആയുധങ്ങള്‍ സൂക്ഷിച്ചുവയ്ക്കുന്നതിനും ഉപയോഗിച്ചിരുന്നു. തങ്ങളുടെ ഭരണത്തെ എതിര്‍ക്കുന്നവരെ പിടികൂടി കൂട്ടമായി കൊന്നുടുക്കുന്നത് ഐ.എസ് രീതിയായിരുന്നുവെന്ന് തെളിയിക്കുന്നതാണ് പുതിയ കണ്ടെത്തല്‍. തങ്ങളുടെ ബന്ധുക്കളെ വര്‍ഷങ്ങളായി തെരഞ്ഞുകൊണ്ടിരിക്കുന്ന ഇറാഖി കുടുംബങ്ങളെ സംബന്ധിച്ചിടത്തോളം അവര്‍ക്കെന്ത് സംഭവിച്ചുവെന്നറിയാന്‍ ഈ കുഴിമാടങ്ങള്‍ സഹായിക്കുമെന്ന് വിലയിരുത്തപ്പെടുന്നു. ഇതിന്റെ ഭാഗമായി ഐ.എസ് ഭരണകാലത്ത് കൊല്ലപ്പെട്ടവരുടെ കണക്കെടുത്ത് കുഴിമാടങ്ങളില്‍ നിന്ന് കണ്ടെടുത്ത മൃതദേഹങ്ങളില്‍ അവരുണ്ടോ എന്ന് പരിശോധിക്കുകയാണ് ഇറാഖ് അധികൃതര്‍. ഇതാദ്യമായല്ല, ഇറാഖിലെ ഐ.എസ് പ്രദേശങ്ങളില്‍ നിന്ന് കൂട്ടക്കുഴിമാടങ്ങള്‍ കണ്ടെത്തുന്നത്. കഴിഞ്ഞ ആഗസ്തില്‍ മൊസൂളിലെ രണ്ട് ഇത്തരം കുഴിമാടങ്ങളില്‍ നിന്ന് ഐ.എസ് കൊന്നൊടുക്കിയ 500ലേറെ പേരുടെ മൃതദേഹങ്ങള്‍ ഇറാഖി സൈന്യം കണ്ടെത്തിയിരുന്നു. ഇറാഖിലും സിറിയയിലുമായി ഐ.എസ്സില്‍ നിന്ന് മോചിപ്പിച്ച പ്രദേശങ്ങളില്‍ ഇത്തരം നൂറുകണക്കിന് കുഴിമാടങ്ങള്‍ ഉണ്ടാവാമെന്നാണ് വിലയിരുത്തപ്പെടുന്നത്. സിറിയയില്‍ ഇതിനകം ഇത്തരം 17 കേന്ദ്രങ്ങള്‍ കണ്ടെത്തിയതായാണ് റിപ്പോര്‍ട്ട്. അതില്‍ ഒരിടത്ത് ഒരു ഗോത്രവിഭാഗത്തില്‍ മാത്രം പെട്ട നൂറുകണക്കിനാളുകളുടെ മൃതദേഹങ്ങള്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിരുന്നു.