ഐഎസ് ഭീകരർ മരുഭൂമിയിലേക്ക് ഓടിയൊളിച്ചു ;ഇസ്‍‌ലാമിക് സ്റ്റേറ്റ് കൈവശം വച്ച സിറിയയിലെ അവസാന നഗരവും തിരിച്ചുപിടിച്ചു

ബെയ്റൂട്ട്∙ ഭീകരസംഘടനയായ ഐഎസ് (ഇസ്‍‌ലാമിക് സ്റ്റേറ്റ്) കൈവശം വച്ചിരുന്ന സിറിയയിലെ അൽബു കമൽ എന്ന സ്ഥലം സിറിയൻ സേന പിടിച്ചെടുത്തു. രക്ഷപ്പെട്ട ഭീകരർ മരുഭൂമിയിലെ ഒളിയിടങ്ങളിലേക്കുപോയതായാണ് റിപ്പോർട്ട്. ഇറാഖ്, സിറിയ അതിർത്തികളിലെ കുറച്ചു സ്ഥലങ്ങൾ കയ്യടക്കിയാണ് ഐഎസ് ഖിലാഫത്ത് സ്ഥാപിച്ചത്. ഇറാഖിൽനിന്ന് ഐഎസിനെ തുരത്തിയതോടെ സിറിയൻ ഭാഗത്തായിരുന്നു ഭീകരർ തമ്പടിച്ചിരുന്നത്. സിറിയൻ സൈന്യവും ശക്തമായി തിരിച്ചടിച്ചിരുന്നു.

ബുധനാഴ്ചയാണ് ഇറാഖ് അതിർത്തിക്കു തൊട്ടടുത്തുള്ള നഗരത്തിലേക്കു സിറിയയിലെ ഐഎസ് വിരുദ്ധസേന ഇരച്ചുകയറിയത്. ആദ്യഘട്ടത്തിൽ ശക്തമായ പ്രതിരോധമാണ് ഐഎസ് നടത്തിയത്. എന്നാൽ സിറിയൻ സേനയുടെ ആക്രമണത്തിൽ ഐഎസ് തകർന്നടിയുകയായിരുന്നു. ഇക്കാര്യം സ്ഥിരീകരിച്ച് ഔദ്യോഗിക വാർത്താ ഏജൻസിയായ സന വാർത്ത നൽകിയിട്ടുണ്ട്. സിറിയൻ സേനയ്ക്കൊപ്പം സഖ്യകക്ഷികളുടെ സൈന്യവും ദേർ എസ്സോർ പ്രവിശ്യയിലെ അൽബു കമൽ മോചിപ്പിച്ചെടുക്കാൻ സഹായിച്ചതായി സന റിപ്പോർട്ട് ചെയ്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം, സിറിയൻ സൈന്യത്തെക്കാൾ സഖ്യകക്ഷികളുടെ സൈന്യമാണ് നഗരം മോചിപ്പിക്കാൻ കൂടുതൽ പോരാടിയതെന്നു യുദ്ധം നിരീക്ഷിക്കുന്ന ബ്രിട്ടൻ ആസ്ഥാനമായ ദി സിറിയൻ ഒബ്സർവേറ്ററി ഫോർ ഹ്യൂമൻ റൈറ്റ്സ് പറഞ്ഞു. ലബനന്റെ ഷിയ സൈനിക സംഘമായ ഹിസ്ബുല്ല, ഇറാന്റെ റെവലൂഷനറി ഗാർഡ്സ്, ഇറാഖിലെ ഷിയ പോരാളികൾ എന്നിവരാണു സഖ്യകക്ഷികളായി രംഗത്തുണ്ടായിരുന്നതെന്ന് ഒബ്സർവേറ്ററി മേധാവി റാമി ആബ്ദെൽ റഹ്മാൻ അറിയിച്ചു.

Top